
മൻമോഹൻ സിങ് അന്തരിച്ചു
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് (92) അന്തരിച്ചു. ദല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി എട്ടുമണിയോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത്.
ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ് ഡോ. മൻമോഹൻ സിങ്. ഇന്ത്യാ വിഭജനത്തിനു മുൻപ് ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26ന് ജനിച്ചു.

2004 മേയ് 22ന് ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലെത്തി. ഇടതുപക്ഷകക്ഷികളുടെ പിന്തുണയോടെയായിരുന്നു യുപിഎ സർക്കാർ നിലവിൽ വന്നത്. എന്നാൽ അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതോടെ 2008 ജൂലൈ 22ന് മൻമോഹൻ സർക്കാർ ലോക്സഭയിൽ വിശ്വാസവോട്ട് തേടി. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടു കൂടി സർക്കാർ വിശ്വാസവോട്ട് അതിജീവിക്കുകയായിരുന്നു.
സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രാഷ്ട്രീയത്തിലെത്തിയത്. ഒടുവിൽ 2004 മേയ് 22 ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലുമെത്തി. സിഖ്‌മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നുമല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയും കൂടെയാണ് മൻമോഹൻ സിങ്.
1991-96 കാലത്ത് നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 2004 മുതൽ 2014 വരെ രാജ്യം ഭരിച്ച യുപിഎ സർക്കാരിൽ പ്രധാനമന്ത്രിയായിരുന്നു. രാജ്യസഭാംഗമായി തുടർന്ന അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലിൽ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.