പഞ്ചാബ് സർവ്വകലാശാല, കേംബ്രിഡ്ജ് സർവകലാശാല, ഓക്സ്ഫോഡ് സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ അവഗാഹം നേടിയ, റിസർവ് ബാങ്ക് ഗവർണർ എന്ന നിലയിൽ ദേശീയതലത്തിലും ഐഎംഎഫ് അംഗമെന്ന നിലയിൽ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയ സാമ്പത്തിക വിദഗ്ദനായിരുന്നു മൻമോഹൻ സിംഗ്.
അടിത്തറ ഇളകിയ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ മൻമോഹൻസിംഗിന് കഴിയുമെന്ന് നരസിംഹറാവു വിശ്വസിച്ചിരുന്നു. 1991 ൽ മൻമോഹൻ സിംഗ് ധനമന്ത്രിയായി. പിന്നിട് നടന്നത് ചരിത്രം.
”നമ്മൾ ആരംഭിച്ച ദുഷ്കരമായ ഈ യാത്രയിൽ, മുമ്പിലുള്ള തടസ്സങ്ങളെ ചെറുതായി കാണുന്നില്ല. എന്നാൽ സമയമായൊരു ആശയത്തെ തടയാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല എന്ന് വിക്ടർ ഹ്യൂഗോ പറഞ്ഞിട്ടുണ്ടല്ലോ. ലോകത്തിലെ തന്നെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നുവരുമെന്നതും അത്തരത്തിലുള്ള ഒരു ആശയമാണ്. ലോകം മുഴുവൻ അത് ഉച്ചത്തിലും വ്യക്തമായും കേൾക്കട്ടെ. ഇന്ത്യ ഇപ്പോൾ ഉണർന്നിരിക്കുന്നു. നമ്മൾ ജയിക്കും. നമ്മൾ മറികടക്കും.”
മൻമോഹൻ സിംഗ് തന്റെ ആദ്യത്തെ ബജറ്റ് പ്രസംഗം അവസാനിപ്പത് ഇങ്ങനെ ആയിരുന്നു.
വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള തടസങ്ങൾ നീക്കാൻ ലൈസൻസ് രാജ് സമ്പ്രദായം ഇല്ലാതാക്കി. കമ്പനികളോട് ലൈസൻസ് ഇല്ലാതെ തന്നെ ഉത്പാദനം നടത്താൻ ആവശ്യപ്പെട്ടു. കയറ്റുമതി സബ്സിഡി നിർത്തലാക്കി.
വിദേശനിക്ഷേപത്തിനായി വിപണികൾ തുറന്നിട്ടു. വേണ്ടിവന്നാൽ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നടപടികൾ നടപ്പിലാക്കി.
1992-1993 കാലത്ത് ഇന്ത്യയുടെ സാമ്പത്തിക വളർച്ച 5.1 ശതമാനമായിരുന്നു.1993-ൽ ഇൻഷുറൻസ് മേഖലയിലെ പരിഷ്കാരങ്ങൾക്കായി ശുപാർശകൾ നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണറായിരുന്ന ആർ എൻ മൽഹോത്രയുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റി രൂപീകരിച്ചു.
വിദേശ മൂലധനത്തിന് വഴിയൊരുക്കാൻ ഇൻഷുറൻസ് മേഖലയിൽ “പ്രൊഫഷണലൈസേഷൻ” എന്ന ആശയം അവതരിപ്പിക്കാൻ കമ്മിറ്റി ശുപാർശ ചെയ്തു.
1993-1994 സാമ്പത്തിക വർഷത്തിൽ മന്മോഹന് സിങ് ഈ റിപ്പോർട്ട് ഇൻഷുറൻസ് മേഖലയിൽ നടപ്പിലാക്കി. കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ കൊണ്ട് ഈ സാമ്പത്തിക വർഷത്തിൽ ജിഡിപി 7.3 ശതമാനത്തിലേക്ക് ഉയർന്നു.
ഇതോടെ ആഗോള സമ്പദ് വ്യവസ്ഥയിലെ പ്രമുഖ പങ്കാളിയായി ഇന്ത്യയും ഉയർന്നു. ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ഉദാരവൽക്കരണ നയങ്ങൾ വിദേശ നിക്ഷേപകരെ ആകർഷിച്ചു. മറ്റ് രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങൾ വർദ്ധിപ്പിച്ചു. അതിനൊപ്പം തന്നെ ആഭ്യന്തര ഉത്പാദനവും വർദ്ധിച്ചു.
ആഗോളവത്ക്കരണത്തിലേയ്ക്കും ഉദാരവത്കരണത്തിലേയ്ക്കും മൻമോഹൻ സിങ് തുറന്നിട്ട വഴികളിലൂടെയാണ് അന്നു തൊട്ട് ഇന്നുവരെ ഇന്ത്യ നടന്നതും അത്രമേല് എളുപ്പത്തില് തകര്ക്കാന് കഴിയാത്തൊരു സമ്പദ് വ്യവസ്ഥയായി വളർന്നതും.