News

നവീൻ ബാബുവിന് ടിവി പ്രശാന്ത് കൈക്കൂലി നൽകിയതിന് തെളിവില്ലെന്ന് വിജിലൻസ്

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. ടിവി പ്രശാന്ത് നവീൻ ബാബുവിന് കൈക്കൂലി നൽകിയതിന് തെളിവില്ലെന്നാണ് വിജിലിൻസിന്റെ കണ്ടെത്തൽ.
നവീൻ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന് പ്രശാന്ത് പറയുന്നതിന് അപ്പുറം മറ്റ് തെളിവുകളില്ല. കൈക്കൂലി നൽകിയതിന് തെളിവ് ഹാജരാക്കാൻ പ്രശാന്തിന് കഴിഞ്ഞിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെൽ എസ് പിയാണ് അന്വേഷണം നടത്തിയത്.

എന്നാൽ പ്രശാന്തിൻറെ ചില മൊഴികൾ സാധൂകരിക്കുന്ന തെളിവുകളും ദൃശ്യങ്ങളുമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സ്വർണം പണയം വെച്ചത് മുതൽ എഡിഎമ്മിൻറെ ക്വാർട്ടേഴ്‌സിലേക്ക് എത്തുന്നത് വരെയുള്ള മൊഴികളിൽ തെളിവുകളുണ്ട്. എന്നാൽ ക്വാർട്ടേഴ്‌സിന് സമീപം എത്തിയശേഷം എന്ത് സംഭവിച്ചു എന്നതിന് തെളിവില്ല. ഒക്ടോബർ അഞ്ചിന് സ്വർണം പണയം വെച്ചതിൻറെ രസീത് പ്രശാന്ത് കൈമാറി. ഒക്ടോബർ ആറിന് പ്രശാന്തും നവീൻ ബാബുവും നാല് തവണ ഫോണിൽ സംസാരിച്ചു. ഈ വിളികൾക്കൊടുവിലാണ് പ്രശാന്ത് നവീന് ബാബു കൂടിക്കാഴ്ച നടക്കുന്നത്.

ഒക്ടോബർ എട്ടിന് പെട്രോൾ പമ്പിന് എൻഒസി ലഭിച്ചു. കൈക്കൂലി കൊടുത്തെന്ന കാര്യം ഒക്ടോബർ പത്തിനാണ് വിജിലൻസിനെ അറിയിക്കുന്നത്. പ്രശാന്തിന്റെ ബന്ധുവാണ് കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയെ വിളിച്ചു പറയുന്നത്. ഒക്ടോബർ 14ന് വിജിലൻസ് സിഐ പ്രശാന്തിന്റെ മൊഴിയെടുത്തു. അന്ന് വൈകിട്ടായിരുന്നു വിവാദമായ യാത്രയയപ്പ് യോഗം. വിജിലൻസ് ഡിവൈഎസ്പിക്ക് അന്ന് തന്നെ റിപ്പോർട്ടും നൽകി. എന്നാൽ പ്രശാന്തിൻറെ മൊഴിയെടുത്ത കാര്യം നവീൻ ബാബുവിനോട് പറഞ്ഞിട്ടില്ലെന്ന് വിജിലൻസ് പറയുന്നു.

പിറ്റേന്ന് ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. കൈക്കൂലി കൊടുത്തെന്ന വെളിപ്പെടുത്തലിൽ പ്രശാന്തിനെതിരെ കേസെടുക്കാനും വകുപ്പില്ലെന്നാണ് വിജിലസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *