പത്തനംതിട്ട തിരുവല്ല കുമ്പനാട്ടിൽ ക്രിസ്മസ് കരോൾ സംഘത്തിന് നേരെ ആക്രമണം. പതിനഞ്ച് പേരടങ്ങുന്ന അക്രമി സംഘമാണ് ആക്രമിച്ചത്. മദ്യമുൾപ്പെടെയുള്ള ലഹരിക്ക് അടിമകളാണ് ഇവർക്കുനേരെ ആക്രമണം നടത്തിയത്.
തട്ടുകടയിൽ നിന്നവരുടെ മുഖത്ത് കരോൾ സംഘത്തിന്റെ വെളിച്ചം അടിച്ചതാണ് ആക്രമണത്തിനു പിന്നിലെ കാരണം. ചെറിയ വാക്കുതർക്കത്തിനു ശേഷം കരോൾ സംഘം അവിടെ നിന്നും മടങ്ങിയെങ്കിലും രാത്രി ഒന്നരയോടെ ഇവർ പള്ളിയിലേക്ക് തിരികെയെത്തിയപ്പോൾ അക്രമിസംഘം അവിടെത്തുകയായിരുന്നു.
ആദ്യം ആക്രമണം തുടങ്ങിയവർ കൂടുതൽ ആളുകളെ ഫോണിൽ വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നുവെന്ന് അക്രമത്തിന് ഇരയായവർ പറയുന്നു. പിന്നീട് വന്നവർ കാര്യം പോലുമറിയാതെ കണ്ണിൽ കണ്ടവർക്കെതിരെയെല്ലാം ആക്രമണം അഴിച്ചുവിട്ടുവെന്നാണ് അറിയുന്നത്.
മരക്കഷണം, കല്ലുകൾ ഉപയോഗിച്ച് തലക്കടിച്ചായിരുന്നു ഇവരുടെ ആക്രമണം. ഈആർസി കുമ്പനാട് ദേവാലയത്തിലെ കരോൾ സംഘത്തെയാണ് ആക്രമിച്ചത്.സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരുക്കേറ്റു. പാസ്റ്റർ ജോൺസൻ, നെല്ലിക്കാല സ്വദേശി മിഥിൻ, സജി, ഷൈനി എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ആറുപേരെ പൊലീസ് പിടികൂടി.
മറ്റുള്ളവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നാണ് കാരൾ സംഘത്തിന്റെ പരാതി. പ്രദേശവാസികളായ ആളുകൾ തന്നെയാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് കോയിപ്രം പൊലീസ് അറിയിച്ചു.