NewsSports

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രിയിൽ

ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യ നിലയിൽ പുരോഗതി. അപകട നില തരണം ചെയ്തു. ശനിയാഴ്ച രാത്രിയാണ് താനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരുമാസത്തോളം ചികിത്സയിൽ തുടരുമെന്നാണ് കരുതുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കാംബ്ലിയുടെ ചികിത്സാ ചെലവുകൾ സുഹൃത്തുക്കളാണ് വഹിക്കുന്നത്. കടുത്ത പനിയും മൂത്രാശയ ഇൻഫെക്ഷനും കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കുടുംബത്തിന്റെ പരിചരണത്തിലാണെന്നും ഒരു മാസം മുൻപ് സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാംബ്ലി വെളിപ്പെടുത്തിയിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കപിൽദേവ്, സുനിൽ ഗാവസ്‌കർ തുടങ്ങിയവർ ചികിത്സാസഹായവും പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.

സച്ചിൻ തെൻഡുൽക്കറുടെ സാമ്പത്തിക സഹായത്തോടെ 2013ൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഒൻപത് വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ രാജ്യത്തിനു വേണ്ടി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ഇരട്ട സെഞ്ചറി ഉൾപ്പെടെ 4 സെഞ്ചറി നേടി. ടെസ്റ്റിൽ തുടർച്ചയായി രണ്ട് ഇരട്ട സെഞ്ചറി നേടിയ ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡിന്റെ ഉടമയാണ്. കാംബ്ലി, സച്ചിൻ തെൻഡുൽക്കർ എന്നിവരുടെ പരിശീലകനായ രമാകാന്ത് അചഛരേക്കറുടെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിൽ ഈ മാസം ആദ്യം പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *