
ഗവർണർക്ക് മാറ്റം: ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്ക്; രാജേന്ദ്ര വിശ്വനാഥ് ആർലെകർ കേരള ഗവർണർ
കേരള ഗവർണർ പദവിയില്‍ കാലാവധി പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാനെ ബിഹാർ ഗവർണറായി നിയമിച്ച് കേന്ദ്ര സർക്കാർ. കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകറെ നിയമിച്ചു. നിലവിൽ ബിഹാർ ഗവർണറാണ് ആർലെകർ. കേരളം കൂടാതെ മൂന്ന് സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും മാറ്റമുണ്ട്. ഒഡിഷ, മിസോറം, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിക്കുന്നത്.
സംസ്ഥാന സർക്കാരുമായി വിവിധ വിഷയങ്ങളിൽ അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. 2019 സെപ്റ്റംബർ 6ന് കേരള ഗവർണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്‍, രണ്ടു പിണറായി സർക്കാരുകളുടെ കാലത്തായി അഞ്ചുവർഷവും സർക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിലായിരുന്നു.
ഗോവ സ്വദേശിയായ ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം–പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ ആർഎസ്എസ് അനുഭാവിയായ ആർലെകർ 1989ലാണ് ബിജെപിയിൽ ചേർന്നത്. 1980 മുതൽ ഗോവയിലെ ബിജെപിയിലെ പ്രധാന നേതാക്കളിലൊരാളാണ്. ഗോവ നിയമസഭയെ ഇന്ത്യയിലെ ആദ്യ പേപ്പർ രഹിത നിയമസഭയാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ആർലെകറാണ്. 2015ൽ വനം പരിസ്ഥിതി മന്ത്രിയായും ചുമതലയേറ്റു. 2021 ജൂലൈ 6നാണ് അദ്ദഹം ഹിമാചൽ പ്രദേശ് ഗവർണറായത്.