പാലക്കാട് പുൽക്കൂട് തകർത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാർ സഭ. വടക്കേയിന്ത്യയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ കേരളം വിട്ടു നിന്നു. മതേതരത്വത്തിന് വെല്ലുവിളിയാണ് ഇത്തരം കാര്യങ്ങൾ എന്നും സീറോ മലബാർ സഭ വ്യക്തമാക്കി.
ഓർത്തോഡോക്സ് സഭയുടെ തൃശൂർ ഭദ്രാസന ബിഷപ്പ് യൂഹാനോർ മാർ മിലിത്തിയോസ് ഫേസ് ബുക്കിൽ കുറിച്ചതിങ്ങനെ , “അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട് വന്ദിക്കുന്നു. ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തിൽ എന്തോ പറയുമല്ലോ!”.
കേക്കും ആശംസകളുമായി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ബിഷപ്പുഹൗസുകളിലും ക്രിസ്ത്യാനികളുടെ വീടുകളിലും സന്ദര്‍ശിക്കുന്ന ‘സ്‌നേഹ സന്ദേശ യാത്ര ‘ തുടങ്ങുന്നതിന് മുമ്പാണ് പാലക്കാട്ടും ആലപ്പുഴയിലും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ അക്രമണം ഉണ്ടായത്. ഈ അക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ബിജെപി കടുത്ത പ്രതിരോധത്തിലായി.
പാലക്കാട് തത്തമംഗലം ചെന്താമര നഗര്‍ ജിബി യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പുല്‍ക്കൂട് കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തിരുന്നു. ചിറ്റൂര്‍ പോലിസ് കേസെടുത്തിട്ടുണ്ട്. പാലക്കാട് നല്ലേപ്പിള്ളി ഗവ യു പി സ്‌ക്കൂളില്‍ ക്രിസ് മസ് ആഘോഷങ്ങള്‍ക്കിടയില്‍ അധ്യാപകരേയും കുട്ടികളേയും വിശ്വഹിന്ദു പരിഷത്ത് സംഘടനയില്‍പ്പെട്ടവര്‍ ഭീഷണിപ്പെടുത്തിയതാണ് പാര്‍ട്ടിയെ വെട്ടിലാക്കിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ റിമാന്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ആലപ്പുഴ ഹരിപ്പാട് റോഡരികില്‍ നിന്ന് ക്രിസ്മസ് സന്ദേശം നല്‍കിയ പാസ്റ്ററന്മാരെ ആര്‍എസ്എസ് നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു. കാര്‍ത്തികപ്പള്ളി താലൂക്ക് കാര്യവാഹക് രതീഷ് മൂന്ന് പാസ്റ്ററന്മാരുടെ പ്രസംഗം തടസ്സപ്പെടുത്തി ഭീഷണി മുഴക്കിയിരുന്നു.