ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിന് ഖേൽ രത്ന അവാർഡ് നൽകണം. അശ്വിന് ഖേൽ രത്ന അവാർഡ് നൽകി ആദരിക്കണമെന്ന് കോൺഗ്രസ് എം.പി വിജയ് വസന്ത് കായിക മന്ത്രിയോട് ആവശ്യപ്പെട്ടു. ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡി ലിലൂടെയാണ് കോൺഗ്രസ് എം.പി യുടെ അഭ്യർത്ഥന.
കഴിഞ്ഞ ആഴ്ചയാണ്ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ (Ravichandran Ashwin) രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഗാബാ ടെസ്റ്റിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് വിരമിക്കൽ പ്രഖ്യാപനം.
38 കാരനായ അശ്വിൻ രാജ്യാന്തര ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളറാണ്.
2011 നവംബർ 6-ന് ഡൽഹിയിൽ വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അശ്വിൻ 106 ടെസ്റ്റ് മത്സരങ്ങളിൽ 537 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ അനിൽ കുംബ്ലെ (619) മാത്രമാണ് അദ്ദേഹത്തേക്കാൾ മുന്നിൽ. അശ്വിൻ 41 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) മത്സരങ്ങളിൽ 195 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ WTC വിക്കറ്റുകൾ വീഴ്ത്തിയ ബൗളർ എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.
പാരിസ് ഒളിമ്പിക്സിലെ ഇരട്ട മെഡൽ ജേതാവ് ഷൂട്ടിംഗ് താരം മനുഭാക്കറെ ഒഴിവാക്കിയതിനെ തുടർന്ന് ഖേൽ രത്ന നോമിനേഷൻ ലിസ്റ്റ് വിവാദം ആയിരിക്കുകയാണ്. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ അദ്ധ്യക്ഷനായ 12 അംഗ സമിതിയാണ് ബഹുമതിക്കായി താരങ്ങളുടെ പേര് ശുപാർശ ചെയ്തത്.
ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനെയും പാരാലിംപിക്സ് മെഡൽ ജേതാവ് പ്രവീൺ കുമാറിനേയും ഖേൽ രത്നക്ക് ശുപാർശ ചെയ്തിട്ടുണ്ട്. 30 കായിക താരങ്ങളെ അർജുന അവാർഡിനും ശുപാർശ ചെയ്തു.