ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസ് ദിവസം തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് ആരാധികയും മകനും മരിച്ച സംഭവത്തിൽ നടനെതിരെ വീണ്ടും പോലീസ്. അല്ലു അർജുന്റെ വാദങ്ങൾ കള്ളമാണെന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. പോലീസിന്റെ അനുമതി കൂടാതെയും പോലീസ് നൽകിയ മുന്നറിയിപ്പ് വകവെയ്ക്കാതെയുമാണ് അല്ലു അർജുൻ തിയേറ്ററിൽ സന്ദർശനത്തിന് എത്തിയതെന്നും മരണവിവരം അറിഞ്ഞിട്ടും നടൻ അവഗണിച്ചെന്നുമാണ് പോലീസ് പറയുന്നത്.
സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളാണ് പൊലീസ് പുറത്തുവിട്ടത്. അല്ലു അർജുൻ വരുന്നുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സന്ധ്യ തിയേറ്റർ അധികാരികൾ നടൻ വരുന്നതിന് രണ്ടുദിവസം മുമ്പോ പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ മുൻനിർത്തി പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ അല്ലുഅർജുൻ ഇത് കാര്യമാക്കിയില്ല എന്നാണ് പോലീസ് പറയുന്നത്. ഡിസംബർ 4 നായിരുന്നു സന്ധ്യ തിയേറ്റർ സന്ദർശിക്കാൻ നടനെത്തിയത്.
തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച വിവരം അല്ലു അർജുനെ അറിയിക്കാൻ ചെന്നപ്പോൾ, അദ്ദേഹത്തിന്റെ മാനേജരായ സന്തോഷ് തന്നെ തടഞ്ഞുവെന്നും, മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നുവെന്നും പൊലീസ് പറഞ്ഞു. സാഹചര്യം നടന് അറിയാമായിരുന്നെന്നും സ്ഥിതിഗതികൾ കൈവിട്ടുപോകുകയാണെന്ന് അല്ലുവിനെ അറിയാമായിരുന്നിട്ടും അദ്ദേഹം സിനിമ കാണൽ തുടർന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ മരണം പിറ്റേ ദിവസമാണ് അറിഞ്ഞതെന്നായിരുന്നു അല്ലു അർജുൻ മുൻപ് പറഞ്ഞത്.
അല്ലു അർജുനെ സിനിമാ തീയേറ്ററിൽ നിന്ന് പുറത്തിറക്കാൻ പോലും പോലീസിന് നിർബ്ബന്ധിക്കേണ്ടി വന്നു. അപകടം ഉണ്ടായ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. കനത്ത പൊലീസ് കാവലിലാണ് നടൻ തിയേറ്റർ വിടുന്നത്. തിരക്ക് അനിയന്ത്രിതമായതിനാൽ തിരിച്ചുപോകുമ്പോൾ ആരാധകരെ കാണരുതെന്ന് അല്ലുവിനോട് പൊലീസ് അഭ്യർത്ഥിച്ചിരുന്നു. ഈ നിർദേശവും നടൻ ലംഘിച്ചു.
കഴിഞ്ഞദിവസം അല്ലു അർജുന്റെ വീടിന് നേരെ പ്രതിഷേധവുമായി യുവാക്കൾ എത്തിയിരുന്നു. ഒരു പറ്റം വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനമെന്ന നിലയിൽ വീടിന് മുന്നിലേക്കെത്തി ആക്രമണം അഴിച്ചുവിടുകയും വീടിന് നേരെ തക്കാളിയും കല്ലും എറിയുകയും സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.