തിരുവനന്തപുരം: ഏറെ വിവാദമായ തൃശൂർ പൂരം കലക്കലിന്റെ കാരണങ്ങൾ അന്വേഷിച്ച എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ട് പുറത്ത്. തിരുവമ്പാടി ദേവസ്വത്തിനെതിരെയാണ് അജിത്കുമാറിന്റെ ആറുമാസത്തെ അന്വേഷണം വിരൽചൂണ്ടൂന്നത്. സംസ്ഥാന പോലീസ് മേധാവി തള്ളിക്കളഞ്ഞ റിപ്പോർട്ടിന്റെ കോപ്പികളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
പൂരത്തിന്റെ ദിവസം ബോധപൂർവ്വം കുഴപ്പമുണ്ടാക്കാൻ തിരുവമ്പാടി ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തി, തൃശൂർ ലോക്‌സബ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഇത്തരമൊരു പൂരം കലക്കൽ ശ്രമമുണ്ടായതെന്നും അജിത് കുമാറിന്റെ റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത് ഏതു രാഷ്ട്രീയ പാർട്ടിയാണെന്ന വെളിപ്പെടുത്തലില്ല. ബി.ജെ.പിയുടെ ഒരു സംസ്ഥാന വൈസ് പ്രസിഡന്റ്, ആർ.എസ്.എസിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാവ് എന്നിവരുടെ പേരുകൾ മൊഴിയുടെ രൂപത്തിൽ അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
നിയമവിരുദ്ധമായ ആവശ്യങ്ങൾ അനുവദിക്കാതിരുന്നാൽ പൂരം അട്ടിമറിക്കണമെന്ന തീരുമാനം നേരത്തേ എടുത്തിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ റിപ്പോർട്ടിൽ ബിജെപിയെക്കുറിച്ച് പേരെടുത്ത് പറഞ്ഞുള്ള പരാമർശമില്ല. പക്ഷേ തിരുവമ്പാടി ദേവസ്വത്തിനെതിരെ രൂക്ഷ വിമർശനവുമുണ്ട്. നിയമപരമായി സാധ്യമാകാത്ത കാര്യങ്ങൾ ദേവസ്വം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതിൻറെ ഭാഗമായാണ് പലപ്പോഴും ചടങ്ങുകൾ നിർത്തിവെക്കേണ്ടിവന്നത്. പൂരം നടത്തിപ്പിനായി േൈഹക്കോടതി മുന്നോട്ടുവച്ച നിബന്ധനകൾ മറികടന്ന് ചടങ്ങുകൾ പെട്ടെന്ന് നിർത്തി, ദേവസ്വത്തിലെ ചിലർ മറ്റു പലരുമായും ഗൂഢാലോചന നടത്തി. അവലോകന യോഗങ്ങളിലും ദേവസ്വം ഈ ആവശ്യങ്ങൾ മുന്നോട്ടുവച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അജിത് കുമാറിന്റെ ഈ റിപ്പോർട്ട് ഡിജിപി നേരത്തെ തള്ളിയിരുന്നു. വീഴ്ച ഉണ്ടാകുമ്പോൾ അജിത് കുമാർ എന്ത് ചെയ്‌തെന്നായിരുന്നു ഡിജിപിയുടെ വിമർശനം. പൂരം കലക്കലിൽ തൃതല അന്വേഷണമാണ് ഒടുവിൽ സർക്കാർ പ്രഖ്യാപിച്ചത്. ഇത് പുരോഗമിക്കുകയാണ്. സർക്കാറിനെതിരായ നീക്കത്തിലൂടെ തെരഞ്ഞെടുപ്പ് ജയം ലക്ഷ്യം വെച്ചെന്നും റിപ്പോർട്ടിലുണ്ട്.