ശമ്പള പെൻഷൻ പരിഷ്‌കരണ കമ്മീഷനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും കഴിഞ്ഞ തവണത്തെ പരിഷ്‌കരണ കുടിശിക പോലും നൽകാതെ കെ.എൻ. ബാലഗോപാൽ.
പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം 2024 ജൂലൈ 1 മുതൽ ലഭിക്കേണ്ടതാണ്. ഇതിന് ഇതു വരെ കമ്മീഷനെ പോലും നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ കുടിശിക 4 ഗഡുക്കളായി നൽകുമെന്നായിരുന്നു വാഗ്ദാനവും ഉത്തരവും.
കുടിശിക 25 ശതമാനം വീതം 2023 ഏപ്രിൽ, ഒക്ടോബർ, 2024 ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യും എന്നായിരുന്നു ശമ്പള പരിഷ്‌കരണ ഉത്തരവിലെ ഖണ്ഡിക 43 ൽ പ്രതിപാദിച്ചിരുന്നത്. ഒരു ഗഡുവും നാളിതു വരെ ലഭിച്ചില്ല എന്നത് ചരിത്രം.
പെൻഷൻ പരിഷ്‌കരണത്തിന്റെ നാല് ഗഡുക്കൾ 2021 ഏപ്രിൽ, മെയ്, ഓഗസ്റ്റ് നവംബർ മാസങ്ങളിൽ വിതരണം ചെയ്യുമെന്നായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയത്. രണ്ട് ഗഡുക്കൾ നൽകി. മൂന്നാം ഗഡു നൽകിയത് 2024 മാർച്ച് മാസവും. നാലാം ഗഡു ഇതുവരെ നൽകിയിട്ടും ഇല്ല.
കൂടാതെ ക്ഷാമ ആശ്വാസ കുടിശികയുടെ മൂന്നും നാലും ഗഡുക്കളും നൽകിയിട്ടില്ല. പെൻഷൻ പരിഷ്‌കരണത്തിന് ശേഷം 1.50 ലക്ഷം പെൻഷൻകാരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാതെയാണ് ഇവർ മരണപ്പെട്ടത്.
പെൻഷൻ പരിഷ്‌കരണ കുടിശിക വിതരണത്തിലെ കാലതാമസത്തെ തുടർന്ന് ആനുകൂല്യം ലഭിക്കാതെ ഈ കാലയളവിൽ എത്ര വിരമിച്ച ജീവനക്കാർ മരണപ്പെട്ടുവെന്ന് നിയമസഭയിൽ കെ.എൻ. ബാലഗോപാലിനോട് ചോദ്യം ഉയർന്നിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യാണ് ചോദ്യം ഉന്നയിച്ചത്. അതിനെ കുറിച്ച് ബാലഗോപാലിന്റെ മറുപടി ഇങ്ങനെ, ‘ശ്രദ്ധയിൽപ്പെട്ടിട്ടില്ല’.