Kerala Government News

ലാസ്റ്റ് ഗ്രേഡ് സർവീസ്: അന്തർ വകുപ്പ് സ്ഥലം മാറ്റത്തിന് 3 വർഷം പൂർത്തിയാക്കണം

കേരളാ ലാസ്റ്റ് ഗ്രേഡ് സർവീസിലെ തസ്തികകളിൽ നിയമിതരാകുന്ന ജീവനക്കാർക്ക് നിയമനം ലഭിച്ച ജില്ലയിൽ, വകുപ്പിൽ മൂന്നു വർഷത്തെ സേവനം പൂർത്തിയാക്കിയാൽ മാത്രമേ ജില്ലയ്ക്കുള്ളിലെ ആദ്യ അന്തർ വകുപ്പുമാറ്റത്തിന് അർഹതയുണ്ടായിരിക്കുകയുള്ളൂവെന്ന് സർക്കാർ ഉത്തരവ്. 2024 ഡിസംബർ 17നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്.

ആദ്യ അന്തർ വകുപ്പുമാറ്റത്തിനു ശേഷം പുതിയ വകുപ്പിൽ 5 വർഷത്തെ സേവനം പൂർത്തിയാക്കിയാൽ മാത്രമേ ജില്ലയ്ക്കുള്ളിലെ ഉൾപ്പെടെ തുടർന്നുള്ള ഒരു അന്തർ വകുപ്പ് സ്ഥലംമാറ്റം അനുവദിക്കാൻ കഴിയുകയുള്ളൂവെന്നും ഇത് സംബന്ധിച്ച് കേരള ലാസ്റ്റ് ഗ്രേഡ് സർവീസ് വിശേഷാൽ ചട്ടത്തിൽ ഉചിതമായ ഭേദഗതി പിന്നീട് വരുത്തുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തരവിൽ പറയുന്നത് ഇങ്ങനെ:

ലാസ്റ്റ് ഗ്രേഡ് സർവീസിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരുടെ അപേക്ഷ പ്രകാരമുളള സ്ഥലംമാറ്റം സംബന്ധിച്ച് കേരള ലാസ്റ്റ് ഗ്രേഡ് സർവീസ് വിശേഷാൽ ചട്ടങ്ങളിലെ ചട്ടം 17-ലാണ് പ്രതിപാദിക്കുന്നത്.

ചട്ടം17 (d) യുടെ ചുവടെയുള്ള കുറിപ്പ് (3) പ്രകാരം കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ജില്ലാ ഓഫീസ് മുഖേന നിയമനം ലഭിച്ചവർക്ക്, നിയമനം ലഭിച്ച ജില്ലയിൽ അഞ്ചുവർഷ സേവനം പൂർത്തിയാക്കാതെ മറ്റൊരു ജില്ലയിലേയ്ക്ക് അന്തർജില്ലാ സ്ഥലംമാറ്റം അനുവദനീയമല്ല. എന്നാൽ, ലാസ്റ്റ് ഗ്രേഡ് സർവ്വീസിലെ ചില എൻട്രി കേഡർ തസ്തികകളിൽ പി.എസ്.സി ഇതര മാർഗങ്ങൾ വഴിയുള്ള നിയമനങ്ങളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇത്തരം തസ്തികകളിൽ അന്തർജില്ലാ സ്ഥലംമാറ്റങ്ങൾക്ക് ഈ അഞ്ചു വർഷ സേവന വ്യവസ്ഥ ബാധകമാക്കുന്ന ഉത്തരവുകൾ നിലവിലില്ല. അതിനാൽ ഈ വിഭാഗം ജീവനക്കാരുടെ അന്തർ ജില്ലാ സ്ഥലംമാറ്റം സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്.

കൂടാതെ, പ്രസ്തുത വ്യവസ്ഥ പ്രകാരം അഞ്ചുവർഷ സേവനം പൂർത്തിയാക്കാതെ മറ്റൊരു ജില്ലയിലേയ്ക്ക് സ്ഥലംമ സ്ഥലംമാറ്റം അനുവദനീയമല്ലായെങ്കിലും, ജില്ലയ്ക്കകത്ത് അന്തർവകുപ്പ് സ്ഥലംമാറ്റം അനുവദിക്കുന്നതിന് വ്യവസ്ഥയുണ്ട്. ഇപ്രകാരം അന്തർ വകുപ്പ് മാറ്റം അനുവദിക്കുന്നതിന് നിശ്ചിത സേവനകാലം നിഷ്‌കർഷിക്കുകയോ, മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. ടി ആനുകൂല്യം ദുരുപയോഗപ്പെടുത്തിക്കൊണ്ട് പല ജീവനക്കാരും ചെറിയ കാലയളവിനുളളിൽ ജില്ലയ്ക്കുളളിൽ ഒന്നിലധികം തവണ അന്തർവകുപ്പ് സ്ഥലംമാറ്റം വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലെ അന്തർവകുപ്പ് സ്ഥലംമാററം സർവീസ് പ്രശ്‌നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നുമുണ്ട്.

നിലവിൽ ജില്ലാതല നിയമന രീതി പിൻതുടരുന്ന മറ്റുതസ്തികകളിൽ ഹെഡ് ക്വാർട്ടേഴ്സ് നിയമനം ലഭിക്കുന്നവരുടെ കാര്യത്തിലൊഴികെ, അന്തർവകുപ്പ് സ്ഥലംമാറ്റത്തിന് നിയമനം ലഭിച്ച വകുപ്പിൽ, ജില്ലയിൽ 5 വർഷത്തെ സേവനമാണ് നിഷ്‌ക്കർഷിച്ചിട്ടുള്ളത്. അത്തരം തസ്തികകളിൽ, ഹെഡ് ക്വാർട്ടേഴ്സ് നിയമനം ലഭിച്ച് സീനിയോറിറ്റി സംരക്ഷണത്തോടെ അന്തർവകുപ്പ് സ്ഥലംമാറ്റം ലഭിച്ചവരൊഴികെ അന്തർവകുപ്പ് സ്ഥലംമാറ്റം നേടുന്ന ജീവനക്കാരുടെ കാര്യത്തിൽ അവർ പുതിയ വകുപ്പിൽ ടി തസ്തികയിൽ ഏറ്റവും ജൂനിയറായിട്ടായിരിക്കും പരിഗണിക്കപ്പെടുക.

എന്നാൽ ലാസ്റ്റ് ഗ്രേഡ് വിഭാഗം തസ്തികകളിൽ അന്തർവകുപ്പ് സ്ഥലംമാറ്റം നേടുന്നയാൾ പ്രൊബേഷണർ അപ്രൂവ്ഡ് പ്രൊബേഷണർ എന്നിങ്ങനെ ഏതു വിഭാഗത്തിലാണോപെടുന്നത്, ടി വിഭാഗത്തിൽ ഏറ്റവും ജൂനിയറായിട്ടായിരിക്കും പുതിയ വകുപ്പിൽ /ജില്ലയിൽ പരിഗണിക്കപ്പെടുന്നത്. ഈ വസ്തുത കണക്കിലെടുത്ത് ലാസ്റ്റ് ഗ്രേഡ് സർവ്വീസിൽ ജില്ലയ്ക്കുളളിലെ അന്തർ വകുപ്പ് സ്ഥലംമാറ്റത്തിനും ചുരുങ്ങിയ സേവനകാലം നിശ്ചയിക്കുന്നത് ഉചിതമായിരിക്കുമെന്ന് സർക്കാർ കരുതുന്നു.

  1. ജില്ലാടിസ്ഥാനത്തിൽ നിയമിതരാകുന്ന സർക്കാർ ജീവനക്കാർക്ക് അന്തർ ജില്ലാ സ്ഥലംമാറ്റം അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ടും, ഈ വ്യവസ്ഥകളിൽ ഇളവനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിഷ്‌കർഷിച്ചുകൊണ്ടും പരാമർശിത പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, കേരള ലാസ്റ്റ് ഗ്രേഡ് സർവീസ് വിശേഷാൽ ചട്ടങ്ങളിലെ വ്യവസ്ഥകൾ നിലവിലുള്ളതിനാൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക്, പ്രസ്തുത എക്സിക്യൂട്ടീവ് ഉത്തരവിന്റെ ആനുകൂല്യം പൂർണ്ണമായും അനുവദിയ്ക്കുവാൻ സാധിക്കുന്നില്ല.

ജില്ലാതല റാങ്ക് ലിസ്റ്റിൽ നിന്നും ഹെഡ് ക്വാർട്ടർ ഒഴിവുകളിലേക്ക് നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുത്ത ജില്ലയിലേക്കുള്ള ((District of Choice) സ്ഥലംമാറ്റം, സേവനത്തിലിരിക്കുന്ന ജവാൻമാരുടെ /സൈനിക നടപടികളിൽ വീരമൃത്യുവരിച്ച അല്ലെങ്കിൽ ഫീൽഡ്/ഫോർവേഡ് ഏരിയകളിൽ ഡ്യൂട്ടി നോക്കിവരവെ കൊല്ലപ്പെട്ട ജവാൻമാരുടെ അടുത്ത ബന്ധുക്കൾ/ആശ്രിതർ എന്നിവരുടെ സ്ഥലംമാറ്റം, പരാമർശിത ഉത്തരവിലെ ഖണ്ഡിക 4(1) പ്രകാരം ഇളവ് അനുവദിച്ചിട്ടുണ്ട്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് കൂടി ടി ആനുകൂല്യങ്ങൾ ബാധകമാക്കുന്നത് ഉചിതമായിരിക്കും എന്ന് സർക്കാർ കരുതുന്നു. 3. മേൽ വിവരിച്ച സാഹചര്യത്തിൽ, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ അന്തർജില്ലാ, അന്തർ വകുപ്പ് സ്ഥലംമാറ്റങ്ങൾക്ക് ചുവടെ ചേർത്തിട്ടുള്ള വ്യവസ്ഥകൾ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

i കേരളാ ലാസ്റ്റ് ഗ്രേഡ് സർവീസിലുൾപ്പെട്ട തസ്തികകളിൽ ജില്ലാ/യൂണിറ്റ് അടിസ്ഥാനത്തിൽ പി.എസ്.സി മുഖേനയും, പി.എസ്.സി. ഇതര മാർഗ്ഗങ്ങളിലൂടെയും നിയമനം ലഭിക്കുന്ന ജീവനക്കാർക്ക് അന്തർജില്ലാ/ അന്തർ യൂണിറ്റ് മാറ്റത്തിന് സീനിയോറിറ്റിയൊഴികെയുള്ള വിഷയത്തിൽ പരാമർശ ഉത്തരവിലെ വ്യവസ്ഥകൾ ബാധകമാണ്.

ii. കേരളാ ലാസ്റ്റ് ഗ്രേഡ് സർവീസിലെ തസ്തികകളിൽ നിയമിതരാകുന്ന ജീവനക്കാർക്ക് നിയമനം ലഭിച്ച ജില്ലയിൽ, വകുപ്പിൽ മൂന്നു വർഷത്തെ സേവനം പൂർത്തിയാക്കിയാൽ മാത്രമേ ജില്ലയ്ക്കുള്ളിലെ ആദ്യ അന്തർ വകുപ്പുമാറ്റത്തിന് അർഹതയുണ്ടായിരിക്കുകയുള്ളൂ. ആദ്യ അന്തർ വകുപ്പുമാറ്റത്തിനു ശേഷം പുതിയ വകുപ്പിൽ 5 വർഷത്തെ സേവനം പൂർത്തിയാക്കിയാൽ മാത്രമേ ജില്ലയ്ക്കുള്ളിലെ ഉൾപ്പെടെ തുടർന്നുള്ള ഒരു അന്തർ വകുപ്പ് സ്ഥലംമാറ്റം അനുവദിക്കാൻ കഴിയുകയുള്ളൂ 4. ഇത് സംബന്ധിച്ച് കേരള ലാസ്റ്റ് ഗ്രേഡ് സർവീസ് വിശേഷാൽ ചട്ടത്തിൽ ഉചിതമായ ഭേദഗതി പിന്നീട് വരുത്തുന്നതാണ്.

Kerala Last Grade Service inter-departmental transfer order

Leave a Reply

Your email address will not be published. Required fields are marked *