ഒറ്റക്കൊമ്പനിൽ സുരേഷ് ഗോപിയുടെ നായികയായി തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി എത്തും. ഡിസംബർ 26 ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്ന ഒറ്റക്കൊമ്പൻ്റെ സംവിധായകൻ നവാഗതനായ മാത്യുസ് തോമസ് ആണ്.
പാല ഇടമറ്റം കുരുവിനാക്കുന്നേൽ ജോസ് എന്ന കുറുവാച്ചൻ്റെ ജീവിത കഥയാണ് ഒറ്റ ക്കൊമ്പൻ പറയുന്നത്. തിരുവനന്തപുരത്ത് 10 ദിവസത്തെ ഷൂട്ടിങ്ങാണ് ഉള്ളത്. സെൻട്രൽ ജയിലും വെള്ളായണി കാർഷിക കോളേജും ആണ് ലൊക്കേഷൻ.
ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഒറ്റക്കൊമ്പൻ്റെ മറ്റൊരു ലൊക്കേഷൻ ഈരാറ്റുപേട്ടയാണ്. സുരേഷ് ഗോപിയുടെ 250-ാം മത്തെ ചിത്രമായ ഒറ്റക്കൊമ്പൻ്റെ രചന നിർവഹിച്ചിരിക്കുന്നത് ഷിബിൻ ഫ്രാൻസിസ് ആണ്.
2020 ൽ പ്രഖ്യാപിച്ച ചിത്രം പിന്നിട് മുടങ്ങിപ്പോയിരുന്നു. പൃഥിരാജ് ചിത്രമായ ” കടുവ ” യുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ചിത്രം നിയമകുരുക്കിൽ പെട്ടു. കേന്ദ്രമന്ത്രി ആയ ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഒറ്റക്കൊമ്പൻ. കേന്ദ്രത്തിൽ നിന്നും സുരേഷ് ഗോപിക്ക് അഭിനയിക്കാനുള്ള അനുമതി ലഭിക്കാൻ തടസം നേരിട്ടിരുന്നു. ഒടുവിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അനുമതി നൽകിയതോടെയാണ് ഷൂട്ടിങ്ങ് ആരംഭിക്കുന്നത്.