വനനിയമ ഭേദഗതിയിൽ കേരള കോൺഗ്രസ് മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കും

Kerala Congress (M) Leader Jose K Mani and CM Pinarayi vijayan

സംസ്ഥാനത്ത് വനനിയമം ഭേദഗതി ചെയ്ത് നിയമങ്ങൾ കടുപ്പിക്കാനുള്ള നീക്കത്തിനെതിരെ കേരള കോൺഗ്രസ് (എം) മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും അതൃപ്തി അറിയിക്കും. വനനിയമ ഭേദഗതിക്കെതിരെ കർഷക സംഘം ശക്തമായി രംഗത്തുവന്നതോടെയാണ് കേരള കോൺഗ്രസ് ശക്തമായ നിലപാടുമായി മുഖ്യമന്ത്രിയെ സമീപിക്കുന്നത്. നാളെ വൈകുന്നേരം നാലുമണിക്ക് പാർലമെന്ററി പാർട്ടി നേതാക്കൾ മുഖ്യമന്ത്രിയെ കാണുമെന്നാണ് അറിയുന്നത്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവർക്ക് സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുമെന്നും കേരള കോൺഗ്രസ് എം നേതാക്കൾ പറയുന്നു.

ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ജോസ് കെ മാണിയുടെ പാർട്ടിക്ക് നഷ്ടപ്പെടുന്ന വോട്ടുകളുടെ എണ്ണം വർദ്ധിക്കുന്നതോടെയാണ് സാധാരണക്കാരുടെ പ്രശ്‌നങ്ങളുമായി സർക്കാരിനെ സമീപിക്കാൻ ജോസ് കെ മാണി ഒരുങ്ങുന്നത്.
ടർച്ചയായി വന്യജീവി ആക്രമണവും മരണങ്ങളും മലയോരമേഖലയിൽ വലിയ രോഷമുണ്ടാക്കിയത് ഭരണത്തിലിരിക്കെ പാർട്ടിക്ക് ദോഷംചെയ്യുമെന്നാണ് അവരുടെ വിലയിരുത്തൽ. വനനിയമ ഭേദഗതിക്കെതിരേ പാർട്ടി ചെയർമാൻ ജോസ് കെ.മാണി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. 430 പഞ്ചായത്തുകളിലെ കൃഷിക്കാരെ കുടിയിറക്കാനുള്ള നീക്കമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഒരുവിഭാഗം ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ ഗൂഢപദ്ധതിയാണ് ഇതിനുപിന്നിലെന്ന ആക്ഷേപമുന്നയിച്ച ജോസ് വനംവകുപ്പിനെതിരേ കടുത്ത ആക്രമണമാണ് നടത്തിയത്. വനത്തോടുചേർന്ന ഭൂമി വനംവകുപ്പിന്റെ കൈയിലാക്കി കൊടുക്കുന്ന ചില സംഘടനകൾ സജീവമാണ്.

രാഷ്ട്രീയ പിന്തുണയോടെ കൃഷിക്കാർ ഉയർത്തുന്ന പ്രതിഷേധത്തെ നേരിടാനാണ് പുതിയ നിയമഭേദഗതിയെന്നും ആക്ഷേപമുന്നയിക്കുന്നു. വനംവകുപ്പിന്റെ അറസ്റ്റ്, കസ്റ്റഡി എന്നിവയിലെ വകുപ്പുകൾവന്നത് നിയമസെക്രട്ടറി പരിശോധിക്കാതെയാണെന്നും അതിൽ അന്വേഷണം വേണമെന്നും ആവശ്യം ഉന്നയിക്കുന്നുണ്ട്.

തലശ്ശേരി, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി കോതമംഗലം രൂപതകൾ വനം നിയമഭേദഗതിയിൽ സർക്കാരിനെതിരെ പലപ്പോഴായി രൂക്ഷ വിമർശനം ഉയർത്തിക്കഴിഞ്ഞു. വിഷയത്തിൽ മൗനം തുടരുന്നത് ശരിയാവില്ല എന്ന തിരിച്ചറിവിലാണ് ഭരണകക്ഷിയായ കേരള കോൺഗ്രസ് വനംവകുപ്പിനെതിരെ പ്രതിഷേധം അറിയിച്ചത്. കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവം കൂടിയായതോടെ കേരള കോൺഗ്രസിന് സർക്കാരിനെ തിരുത്താൻ ശ്രമിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കാതെ നിർവാഹമില്ലാതായി. ഇനിയും മരണം ഉണ്ടായിട്ട് നടപടിയെടുക്കാൻ കാത്തിരുന്നിട്ട് കാര്യമില്ല എന്ന് പരസ്യമായി പ്രതികരിച്ച കേരള കോൺഗ്രസ് നാളെ മുഖ്യമന്ത്രിയെ കാണും.

വനനിയമം ഭേദഗതിയിൽ ആശങ്കയുള്ളവരെ ഉൾപ്പെടുത്തി ചർച്ച നടത്തുക, വനമേഖലയോട് ചേർന്ന് താമസിക്കുന്നവരുടെ സുരക്ഷ പൊലീസിന്റെ കൂടി മേൽനോട്ടത്തിൽ ഉറപ്പാക്കുക, വനപാലകരുടെ അമിതാധികാരം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേരള കോൺഗ്രസ് എം മുന്നോട്ടുവയ്ക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments