ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശിക ഈ സർക്കാരിൻ്റെ കാലത്ത് കൊടുത്ത് തീർക്കാൻ കഴിയുമോ? കെ.എൻ. ബാലഗോപാലിന്റെ മറുപടി ഇങ്ങനെ

KN Balagopal about DA AR Arrear Kerala government staff

കുടിശിക സർക്കാർ. രണ്ടാം പിണറായി സർക്കാരിനെ കുടിശിക സർക്കാർ എന്ന ഒറ്റ വാക്കിൽ പറയാം. എല്ലാം രംഗത്തും കുടിശിക ആണ്. ക്ഷേമ പെൻഷൻ പോലും 4 മാസത്തെ കുടിശിക ഉണ്ട്.

കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് പെൻഷൻ കിട്ടിയിട്ട് 18 മാസമായി. എല്ലാ പെൻഷനും 4 മാസം മുതൽ മുകളിലോട്ട് കുടിശികയാണ്. ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശിക 70000 കോടിക്ക് മുകളിൽ ആയി. ക്ഷാമബത്തയും ക്ഷാമ ആശ്വാസവും 19 ശതമാനം കുടിശിക ആകുന്നത് ചരിത്രത്തിൽ ആദ്യം.

പ്രഖ്യാപിച്ച ക്ഷാമബത്തയ്ക്കും ക്ഷാമആശ്വാസത്തിനും കുടിശിക അനുവദിക്കാത്തതും കേരള ചരിത്രത്തിൽ ആദ്യം. ലീവ് സറണ്ടർ, ശമ്പള പരിഷ്‌കരണ കുടിശിക, പെൻഷൻ പരിഷ്‌കരണ കുടിശിക ഇങ്ങനെ നിരവധി ആനുകൂല്യങ്ങൾ കെ.എൻ. ബാലഗോപാൽ തടഞ്ഞ് വച്ചിരിക്കുകയാണ്. ഭരണം തീരാൻ 16 മാസം മാത്രമാണ് ഉള്ളത്.

ഈ കുടിശികകൾ ഈ സർക്കാരിന്റെ കാലത്ത് കൊടുക്കാൻ കഴിയുമോ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം. ജീവനക്കാർക്കും പെൻഷൻകാർക്കും നൽകേണ്ട കുടിശിക ഈ സർക്കാരിന്റെ കാലത്ത് തന്നെ കൊടുത്ത് തീർക്കുവാൻ കഴിയുമോ എന്ന ചോദ്യം കെ.എൻ. ബാലഗോപാലിനോട് തന്നെ നിയമസഭയിൽ ഉയർന്നു.

ബാലഗോപാലിന്റെ മറുപടി ബഹുകേമം ആണ്. മറുപടി ഇങ്ങനെ:

‘സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡി.എ, ഡി.ആർ, ശമ്പള പരിഷ്‌കരണ കുടിശിക എന്നീ ഇനങ്ങളിൽ നൽകാനുള്ള തുക അനുവദിക്കുന്ന കാര്യം പരിശോധിച്ച് വരികയാണ്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ച് ഉചിതമായ തീരുമാനം കൈകൊള്ളുന്നതാണ്’.

ശമ്പള പരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കുമോ എന്നായി അടുത്ത ചോദ്യം. മറുപടി ഇങ്ങനെ:

‘ശമ്പള പരിഷ്‌കരണം സർക്കാരിന്റെ നയപരമായ തീരുമാനം ആയതിനാൽ ഉചിതമായ സമയത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് പതിവായി ചെയ്തു വരുന്നത്. തുടർന്നും സർക്കാർ കൂടിയാലോചനകളിലൂടെ ഉചിതമായ സമയത്ത് ഇത് സംബന്ധിച്ച തീരുമാനം എടുക്കുന്നതാണ്’.

രണ്ട് മറുപടികളും പരിശോധിച്ചാൽ കുടിശിക കിട്ടാൻ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ കാത്തിരിക്കണമെന്നും ശമ്പള പരിഷ്‌കരണം കമ്മീഷനെ പ്രഖ്യാപിക്കാൻ ഉചിതമായ സമയം കണ്ട് പിടിക്കണമെന്നും വ്യക്തം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments