സാമൂഹ്യ ക്ഷേമ പെൻഷനായ 1600 രൂപയേക്കാൾ കുറവ് പെൻഷൻ വാങ്ങുന്ന ഒരു വിഭാഗം സർക്കാർ സർവീസിലുണ്ട്. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച പങ്കാളിത്ത പെൻഷൻകാരാണ് ആ ഹതഭാഗ്യർ. 1000 രൂപയിൽ താഴെ പെൻഷൻ വാങ്ങിക്കുന്ന പങ്കാളിത്ത പെൻഷൻകാരും ഉണ്ട്.
പലരുടെയും ജീവിതം അതുകൊണ്ട് തന്നെ അതീവ പ്രതിസന്ധിയിലും ആണ്. പ്രതിമാസം 1000 രൂപ പോലും പെൻഷൻ വാങ്ങിക്കാത്ത പങ്കാളിത്ത പെൻഷൻകാരെ ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്തുമോ എന്ന് ധനമന്ത്രിയോട് നിയമസഭയിൽ മാത്യു കുഴൽ നാടൻ എംഎൽഎ ചോദ്യം ഉന്നയിച്ചിരുന്നു. അതിന് കെ.എൻ. ബാലഗോപാലിന്റെ മറുപടി ഇങ്ങനെ”
സംസ്ഥാനത്തിനു ലഭ്യമായിരിക്കുന്ന മുൻഗണനാ ഒഴിവുകൾ പരിമിതമായതിനാൽ, ഏറ്റവും അർഹരായ റേഷൻ മുൻഗണനാ വിഭാഗത്തെ കണ്ടെത്തുന്നത് സ.ഉ(സാധാ)നം. 320/2017/ ഭ.പൊ.വി.വ തീയതി 18.09.2017 പ്രകാരമുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്.
പ്രസ്തുത ഉത്തരവിന്റെ ഖണ്ഡിക 2 (a) പ്രകാരം സർക്കാർ/ അർദ്ധ ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവ്വീസ് പെൻഷൻകാർ എന്നിവർ മുൻഗണനയിൽപ്പെടാൻ അനർഹരാണ്.
ആയതിൽ പാർട്ട് ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, ക്ലാസ് 4 തസ്തികയിൽ പെൻഷനായവർ, 5,000/- രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10,000/- രൂപയിൽ താഴെ സ്വാതന്ത്രസമര പെൻഷൻ വാങ്ങുന്നവർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ പ്രകാരം അർഹതയുടെ അടിസ്ഥാനത്തിൽ ഇവരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നുണ്ട്.