പ്രൊവിഡൻ്റ് ഫണ്ടിൽ ലയിപ്പിച്ച ക്ഷാമബത്ത കുടിശികയിൽ കാലാവധി കഴിഞ്ഞവ പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീളും.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആയിരുന്നു വിലക്ക് ഏർപ്പെടുത്തിയത്. ജീവനക്കാരുടെ പി.എഫിൽ ലയിപ്പിച്ച ക്ഷാമബത്ത കുടിശിക ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അനുവദിക്കേണ്ടതില്ല എന്ന് അക്കൗണ്ടൻ്റ് ജനറൽ, മാനേജർ (സ്പാർക്ക്) , യൂണിവേഴ്സിറ്റി രജിസ്ട്രാർമാർ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദ്ദേശം നൽകിയിരുന്നു.
പ്രസ്തുത തുക എന്നത്തേക്ക് പിൻവലിക്കാൻ കഴിയുമെന്ന് അറിയിക്കാമോ എന്ന ചോദ്യത്തിന് ബാലഗോപാലിൻ്റെ മറുപടി ഇങ്ങനെ ” പ്രസ്തുത തുക പിൻവലിക്കാൻ അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ചു വരികയാണ്. സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ഉചിതമായ തീരുമാനം കൈകൊള്ളുന്നതാണ്”.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധിയിൽ ഏറിയ പങ്കും കടം എടുത്തിരുന്നു. കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ശമ്പളവും പെൻഷനും പോലും മുടങ്ങുന്ന അവസ്ഥയിലാണ്. ക്ഷാമബത്ത കുടിശിക നിലവിൽ 19 ശതമാനം ആണ്.
ഇതിന് പുറമെയാണ് പി.എഫിൽ ലയിപ്പിച്ച ക്ഷാമബത്ത കുടിശിക പിൻവലിക്കാൻ സാധിക്കാതെ വരുന്നതും. ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച 2 ഗഡു ക്ഷാമബത്തയ്ക്കും കുടിശിക അനുവദിച്ചിരുന്നില്ല. 78 മാസത്തെ കുടിശിക ആണ് ഇതുമൂലം ആവിയായത്.