24000 കോടി വേണം! നിർമല സീതാരാമനോട് കെ.എൻ. ബാലഗോപാൽ

Nirmala Sitharaman and KN Balagopal

കേരളത്തിനായി പ്രത്യേക പാക്കേജ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കണമെന്ന് നിർമല സീതാരാമനോട് കെ.എൻ. ബാലഗോപാൽ. 24000 കോടിയുടെ പ്രത്യേക പാക്കേജാണ് ആവശ്യപ്പെട്ടത്.

കേന്ദ്ര ബജറ്റിന് മുന്നോടിയായി നിർമല സീതാരാമൻ വിളിച്ച യോഗത്തിലാണ് കെ.എൻ. ബാലഗോപാൽ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടത്. വയനാടിന് വേണ്ടി 2000 കോടിയുടെ പാക്കേജും ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സഹായമായി 500 കോടി, കേരളത്തിലെ ഐ.ഐ.ടികളുടെ നവീകരണത്തിന് 2,100 കോടി, പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന സംവിധാനങ്ങൾക്ക് 4500 കോടി, മൽസ്യ തൊഴിലാളികളുടെ പുനരധിവാസത്തിന് 1876 കോടി, റബർ വില സ്ഥിരത ഫണ്ടിന് 1000 കോടി, നെല്ല് സംഭരണത്തിന് 2000 കോടി, ആർ.സി.സി നവീകരണത്തിന് 1293 കോടി, വന്യമൃഗ ശല്യം നേരിടുന്നതിന് 1000 കോടി, കേന്ദ്ര സർക്കാരിൻ്റെ വിദ്യാഭ്യാസപദ്ധതികൾ നടപ്പാക്കുന്നതിന് 2117 കോടി, തുറമുഖങ്ങളുടെ നവീകരണത്തിന് 500 കോടി എന്നീ ആവശ്യങ്ങളും ബാലഗോപാൽ ഉന്നയിച്ചു. ജി.എസ് ടി നഷ്ടപരിഹാരം ഉയർത്തണമെന്നും കടമെടുപ്പിൽ ഉദാര സമീപനം സ്വീകരിക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 1 നാണ് കേന്ദ്ര ബജറ്റ്.

സംസ്ഥാനത്തിന്റെ റവന്യുച്ചെലവിന്റെ 64 ശതമാനവും സ്വന്തം വരുമാനത്തിൽനിന്നാണ്‌ കണ്ടെത്തുന്നത്‌. എന്നാൽ, അഖിലേന്ത്യാ ശരാശരി 54 ശതമാനമാണ്‌. ജിഎസ്‌ടി നഷ്ടപരിഹാരവും റവന്യു കമ്മി ഗ്രാന്റും അവസാനിപ്പിക്കൽ, പബ്ലിക്‌ അക്കൗണ്ടിലെ നീക്കിയിരിപ്പിന്റെയും സർക്കാർ സംരംഭങ്ങളുടെ വായ്‌പയുടെയും പേരിൽ സംസ്ഥാനത്തിന്റെ കടമെടുക്കൽ അവകാശം വെട്ടിക്കുറയ്‌ക്കൽ, നികുതി ഉണ്ടായ വലിയ കുറവ്‌ എന്നിവ മൂലം സംസ്ഥാനം നേരിടുന്ന വലിയ സാമ്പത്തിക ബുദ്ധിമുട്ടും പണ ക്ഷാമവും പരിഹരിക്കാൻ അടുത്ത രണ്ട്‌ വർഷത്തിനുള്ളിൽ ലഭ്യമാകുന്ന നിലയിലുള്ള പ്രത്യേക പാക്കേജ്‌ അനുവദിക്കണം. കഴിഞ്ഞ ജൂണിൽ നടന്ന പ്രീബജറ്റ്‌ ചർച്ചയിൽ ഉന്നയിച്ച പ്രത്യേക പാക്കേജ്‌ ആവശ്യം കേന്ദ്രം പരിഗണിക്കാഞ്ഞതും ധനമന്ത്രി കെ എൻ ബാലഗോപാൽ ചുണ്ടിക്കാട്ടി. ജിഎസ്‌ടി സമ്പ്രദായം പുർണസജ്ജമാകുന്നതുവരെ ജിഎസ്‌ടി നഷ്ടപരിഹാര വ്യവസ്ഥ തുടരണം.

കശുവണ്ടി, കയർ, കൈത്തറി ഉൾപ്പെടെ പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം, ആശ, അങ്കണവാടി ഉൾപ്പെടെ സ്‌കീം തൊഴിലാളികളുടെ ഹോണറേറിയം, സാമൂഹ്യസുരക്ഷാ പെൻഷനിൽ കേന്ദ്ര വിഹിതം, സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്‌, തൊഴിലുറപ്പ്‌ തൊഴിലാളികളുടെ കൂലി, പാവപ്പെട്ടവർക്കുള്ള ഭവന പദ്ധതികളുടെ കേന്ദ്ര വിഹിതം തുടങ്ങിയവ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എയിംസ്‌ അടക്കമുള്ള മറ്റ്‌ ആവശ്യങ്ങൾ ഇത്തവണയെങ്കിലും പരിഗണിക്കണമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രിയോട്‌ ആവശ്യപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments