സംസ്ഥാന ഭരണ ചരിത്രത്തിൽ ആദ്യമായി ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ. നിലവിൽ സസ്‌പെൻഷനിൽ കഴിയുന്ന എൻ. പ്രശാന്ത് ഐഎഎസാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക്, കെ. ഗോപാലകൃഷ്ണൻ ഐഎഎസ്, മാതൃഭൂമി ദിനപത്രം എന്നിവർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാജ രേഖ ചമയ്ക്കൽ, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകളാണ് എൻ പ്രശാന്ത് നാലുകൂട്ടർക്കുമെതിരെ ആരോപിച്ചിരിക്കുന്നത്.
പ്രശാന്ത് ഉന്നതിയുടെ സ്ഥാപക സിഇഒ ആയിരുന്ന കാലത്ത് ഫയലുകൾ കാണാതായെന്നും ഹാജർ ക്രമക്കേടുകളുണ്ടെന്നും ആരോപിച്ച് ജയതിലക് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിനെതിരെയാണ് നിയമനടപടികൾ സ്വീകരിക്കുന്നത്. പ്രശാന്തിനെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് ഈ റിപ്പോർട്ടെന്നും, രണ്ട് നിർണായക കത്തുകൾ കെട്ടിച്ചമച്ച് സർക്കാരിന്റെ ഇ ഓഫീസ് പോർട്ടലിൽ അപ്ലോഡ് ചെയ്തത് എ ജയതിലക്, കെ. ഗോപാലകൃഷ്ണൻ എന്നിവരുടെ ഗൂഢാലോചനയാണെന്നും പ്രശാന്ത് പരസ്യമായി തന്നെ ആരോപിച്ചിരുന്നു.
കെ. ഗോപാലകൃഷ്ണൻ ഒന്നാം പ്രതിയും, അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക് രണ്ടാം പ്രതിയും, മാതൃഭൂമി ദിനപത്രം മൂന്നാം പ്രതിയും, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നാലാം പ്രതിയുമായാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കൽ, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ക്രമക്കേടുകളാണ് നോട്ടീസിൽ ചുമത്തിയിരിക്കുന്നത്.
അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതോ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ളതോ അല്ലെന്നും ഇത് പ്രശാന്തിനെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. രണ്ട് വ്യാജ കത്തുകൾ കെട്ടിച്ചമച്ച് എ ജയതിലക് സർക്കാരിന്റെ ഇ ഓഫീസ് സിസ്റ്റത്തിലേക്ക് അപ്ലോഡ് ചെയ്തതായി വക്കീൽ നോട്ടീസ് ചൂണ്ടിക്കാട്ടുന്നു. ജയതിലകിന്റെ ഓഫീസിൽ നിന്ന് തീയതിയില്ലാത്തതും നമ്പറില്ലാത്തതുമായ രണ്ട് കത്തുകളും വ്യാജമായി നിർമ്മിച്ച് അപ്ലോഡ് ചെയ്തതായി സിസ്റ്റത്തിൽ നിന്നുള്ള മെറ്റാഡാറ്റയും ടൈംസ്റ്റാമ്പുകളും വെളിപ്പെടുത്തുന്നു.
എൻ. പ്രശാന്ത് ഐഎഎസ് ഉന്നതിയുടെ സിഇഒ ആയിരുന്ന കാലത്തെ സുപ്രധാനമായ ഫയലുകൾ പിന്നീട് ആ സ്ഥാനത്തേക്ക് വന്ന കെ. ഗോപാലകൃഷ്ണൻ ഐഎഎസിന് കൈമാറിയിട്ടില്ലെന്നും ഇതിൽ അസ്വഭാവികതയുണ്ടെന്നുമായിരുന്നു ജയതിലകിന്റെ റിപ്പോർട്ട്. ഇക്കാര്യം മാതൃഭൂമി ദിനപത്രം വിശദമായി റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. വകുപ്പ് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ എം.പിയും ഈ വാർത്തയെയും റിപ്പോർട്ടിനെയും നിഷേധിക്കുകയും ഫയലുകൾ കൈമാറിയ കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രശാന്തിനെതിരെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചന പുറത്തുവരുന്നത്. ഇതേക്കുറിച്ച് പരസ്യമായി പ്രതികരിച്ചുവെന്ന പേരിലാണ് പ്രശാന്തിനെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തത്.
എല്ലാ ഫയലുകളും ഗോപാലകൃഷ്ണന്റെയും ജയതിലകിന്റെയും കൈവശമുണ്ടെന്ന് 2024 മെയ് 14 ലെ സർക്കാർ കത്ത് കാണിച്ചതിനാൽ ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ കാണാനില്ലെന്ന ഈ കത്തിലെ ഉള്ളടക്കവും തെറ്റാണെന്ന് തെളിഞ്ഞതായി പറയുന്നു. ഈ രണ്ട് ഉദ്യോഗസ്ഥരുടെയും ഇത്തരം വഞ്ചനാപരമായ പ്രവൃത്തികൾ ബിഎൻഎസിന്റെ 238, 239, 336 വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണെന്നും 1968ലെ ഓൾ ഇന്ത്യ സർവീസസ് ചട്ടങ്ങളുടെ ലംഘനമാണെന്നും നോട്ടീസിൽ പറയുന്നു.