കൊല്ലം എറണാകുളം മെമുവിന് ചെറിയനാട് സ്റ്റോപ്പ് അനുവദിച്ചു. പാലരുവിയിലെയും വേണാടിലെയും തിരക്കുകള്‍ക്ക് പരിഹാരമായി അനുവദിച്ച 06169/70 കൊല്ലം – എറണാകുളം എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍ മെമുവിന് തിങ്കളാഴ്ച മുതലാണ് ചെറിയനാട് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കൊല്ലം മുതല്‍ ചിങ്ങവനം വരെ ഹാള്‍ട്ട് സ്റ്റേഷന്‍ ഉള്‍പ്പെടെ എല്ലാ സ്റ്റേഷനിലും ഇതോടെ മെമുവിന് സ്റ്റോപ്പ് പ്രാബല്യത്തില്‍ വന്നു.
മെമുവിന് സ്റ്റോപ്പ് അനുവദിക്കുന്നതിനായി ചെറിയനാടിന് വേണ്ടി റെയില്‍വേ ബോര്‍ഡ് ചെയര്‍മാൻ, ചീഫ് പാസഞ്ചര്‍ ട്രാഫിക് മാനേജര്‍, കേന്ദ്ര റെയില്‍വെ മന്ത്രി എന്നിവര്‍ക്ക് കൊടിക്കുന്നില്‍ സുരേഷ് എം പി നിവേദനം നല്‍കിയിരുന്നു. ചെറിയനാട് സ്റ്റോപ്പ് യാത്രക്കാര്‍ക്കുള്ള ക്രിസ്തുമസ് ന്യൂ ഇയര്‍ സമ്മാനമെന്ന് എം പി അറിയിച്ചു. മാവേലിക്കര ലോക്സഭാ മണ്ഡല പരിധിയിൽ ഈ മെമുവിന് സ്റ്റോപ്പില്ലാത്ത ഏക സ്റ്റേഷനായിരുന്നു ചെറിയനാട്.
നേരത്തെ ട്രെയിൻ സർവീസ് ആറുമാസത്തേക്ക് നീട്ടിയപ്പോൾ തന്നെ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് ജനപ്രതിനിധികളും യാത്രക്കാരും ആവശ്യപ്പെട്ടിരുന്നു.