അനധികൃതമായി സാമൂഹ്യ സുരക്ഷ പെൻഷൻ നേടിയെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി ആരംഭിച്ചു. ആദ്യഘട്ടത്തിൽ ആറു ജീവനക്കാർക്ക് സസ്‌പെൻഷൻ. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുന്നത്. അനർഹമായി വാങ്ങിയ പെൻഷൻ തുക 18 ശതമാനം പിഴ സഹിതം തിരികെ ഈടാക്കാനും നിർദേശിച്ചിട്ടുണ്ട്.
സാജിത കെ.എ. (ഓഫീസ് അറ്റന്റന്റ് ഗ്രേഡ് കക, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് കാസർകോട്), ഷീജാകുമാരി ജി (പാർട്ട് ടൈം സ്വീപ്പർ, മണ്ണ് സംരക്ഷണ ഓഫീസ് പത്തനംതിട്ട), നസീദ് മുബാറക് (വർക്ക് സൂപ്രണ്ട് മണ്ണ് സംരക്ഷണ ഓഫീസ് വടകര), ഭാർഗവി പി (പാർട്ട് ടൈം സ്വീപ്പർ, മണ്ണ് സംരക്ഷണ ഓഫീസ് മീനങ്ങാടി), ലീല കെ (പാർട്ട് ടൈം സ്വീപ്പർ, മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, മീനങ്ങാടി), രജനി ജെ (പാർട്ട് ടൈം സ്വീപ്പർ, സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബ്, തിരുവനന്തപുരം) എന്നിവരെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അടക്കം 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ധന വകുപ്പ് നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമാണ് പെൻഷൻ കൈപ്പറ്റുന്നത്. കോളേജ് അസിസ്റ്റൻറ് പ്രൊഫസർമാർ, ഹയർ സെക്കണ്ടറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിൻറെ നിർദേശം.
ക്ഷേമ പെൻഷൻ അനധികൃതമായി കൈക്കലാക്കിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. സാമൂഹ്യ സുരക്ഷ പെൻഷൻ നേടിയെടുത്തവരിൽ നിന്ന് അനർഹമായി വാങ്ങിയ പെൻഷൻ തുക പിഴ സഹിതം തിരികെ ഈടാക്കാനാണ് തീരുമാനം.
സാമൂഹ്യ സുരക്ഷാ പെൻഷൻ വ്യാജരേഖകൾ ചമച്ച് വാങ്ങുന്നതായി ശ്രദ്ധയിൽപ്പെടുന്ന അവസരത്തിൽ പെൻഷൻ അടിയന്തരമായി റദ്ദു ചെയ്യുകയും അനർഹമായി കൈപ്പറ്റിയ പെൻഷൻ തുക 18% പിഴപ്പലിശ സഹിതം തിരികെ ഈടാക്കുമെന്നുമായിരുന്നു സർക്കാർ ഉത്തരവ്. അനർഹരായ ആളുകൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നതിന് സഹായകരമായ രീതിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ആദ്യം ക്ഷേമപെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തിയ സാധാരണ ജീവനക്കാരെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ സർക്കാർ അനുവദിക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകൾ അർഹതപ്പെട്ടവർക്കെല്ലാം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതോടൊപ്പം അനർഹരായവർ കൈക്കലാക്കുന്നത് തടയേണ്ടതും സർക്കാരിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണ്. അനർഹർ സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.