2018 പ്രളയകാലത്ത് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ചിനെ ‘വിമർശിച്ച’ സർക്കാർ ജീവനക്കാരനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
‘ഒരുമാസത്തെ ശമ്പളം മലയാളികൾ നൽകും, പക്ഷേ മുഖ്യമന്ത്രി ചെലവ് ചുരുക്കി മാതൃകയാകണം’ എന്ന് അഭിപ്രായപ്പെട്ടതിനായിരുന്നു കാസർകോട് സപ്ലൈകോ ഔട്ട്‌ലെറ്റിലെ മാനേജരായിരുന്ന ജമാലിനെതിരെയുള്ള നിയമ നടപടികള്‍. ഇദ്ദേഹത്തിനെതിരെ ഐപിസി 166 പ്രകാരമായിരുന്നു കേസ് എടുത്തത്.
അക്കാലത്ത് സപ്ലൈകോയുടെ ഒരു ഔട്ട്ലെറ്റ് മാനേജരായിരുന്ന ജീവനക്കാരനാണ് സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കാസർഗോഡ് സപ്ലൈകോ ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയുടെ അഭ്യർഥനയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട്, ‘മലയാളികൾ സന്തോഷത്തോടെ ഒരു മാസത്തെ ശമ്പളം ദാനം ചെയ്യും, പക്ഷേ സർക്കാർ അധിക ചെലവ് കുറയ്‌ക്കേണ്ടതുണ്ട്’ എന്ന് അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. സർക്കാരിന്റെ അമിത ചെലവുകളെക്കുറിച്ചുള്ള കണക്കും ഇദ്ദേഹം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ചെലവ് ചുരുക്കി മുഖ്യമന്ത്രി മാതൃകയാകണമെന്നും അഭിപ്രായപ്പെട്ടു. ഇതിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സർക്കാർ വാദങ്ങളെ തള്ളിയാണ് കോടതിയുടെ കണ്ടെത്തലുകൾ. ആരോപിക്കപ്പെട്ട അഭിപ്രായങ്ങൾ പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് യാതൊരു ദോഷവും വരുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും, മറ്റ് ആളുകൾക്ക് മുഖ്യമന്ത്രി ആഹ്വാനം ചെയ്തതുപോലെ തങ്ങളുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുന്നതിൽ നിന്ന് തടയുന്നില്ലെന്നുമാണ്.
ഐപിസി സെക്ഷൻ 166 (പൊതുജനസേവകൻ നിയമം ലംഘിച്ച് ആർക്കെങ്കിലും ദോഷം വരുത്താൻ ഉദ്ദേശിച്ചുള്ള പ്രവർത്തി) അനുസരിച്ചാണ് ജീവനക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
‘ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക് ദാനം ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന ഉദ്ധരിച്ച് പരാതിക്കാരൻ (ജമാൽ) പോസ്റ്റ് ചെയ്ത അഭിപ്രായം, മറ്റുള്ളവരെ തങ്ങളുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്ന ഒന്നല്ല. മറിച്ച്, ആ അഭിപ്രായത്തിന്റെ തുടക്കത്തിൽ തന്നെ, മലയാളികൾ നാടനെ സ്‌നേഹിച്ചുകൊണ്ട് ഒരു മാസത്തെ ശമ്പളം സന്തോഷത്തോടെ നൽകുമെന്നും, എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ചെലവ് കുറയ്ക്കുന്നതിന് ശ്രദ്ധേയമായ നടപടികൾ ആവശ്യമാണെന്നും കാണിക്കുന്നു. അതിനാൽ, മുകളിൽ പറഞ്ഞ അഭിപ്രായം വായിക്കുന്ന ഒരു വ്യക്തി ദുരിതാശ്വാസ ഫണ്ടിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം നൽകുന്നത് ഒഴിവാക്കാൻ പ്രേരിപ്പിക്കപ്പെടുമെന്ന് പറയാൻ കഴിയില്ല. കാസർഗോഡ് സപ്ലൈകോ ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ മുകളിൽ പറഞ്ഞ പോസ്റ്റ് ഇടുന്ന പരാതിക്കാരന്റെ പ്രവൃത്തി പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് യാതൊരു ദോഷവും വരുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് പറയാൻ കഴിയില്ല.’ – ജസ്റ്റിസ് ജി ഗിരിഷ് വിധിയിൽ പറഞ്ഞു.
സെക്ഷൻ 166ന്റെ പ്രയോഗത്തെ സംബന്ധിച്ചിടത്തോളം, ഒരു വ്യക്തി പൊതുജനസേവകനായിരിക്കണം, നിയമത്തിന്റെ ഏതെങ്കിലും നിർദ്ദേശം അനുസരിക്കാതിരിക്കണം, കൂടാതെ നിയമവിരുദ്ധ പ്രവൃത്തി ആർക്കെങ്കിലും ദോഷം വരുത്താൻ ഉദ്ദേശിച്ചുള്ളതായിരിക്കണം എന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായി പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞത്, സർക്കാർ ജീവനക്കാർക്ക് ബാധകമായ പെരുമാറ്റം സർക്കാരിന്റെ നയങ്ങളെയും തീരുമാനങ്ങളെയും തുറന്നുകാട്ടി വിമർശിക്കുന്നതിൽ നിന്ന് വിലക്കുന്നുവെന്നും അതിനാൽ പരാതിക്കാരൻ മനഃപൂർവ്വം മുകളിൽ പറഞ്ഞ നിയമനിർദ്ദേശം അനുസരിച്ചില്ലെന്നുമാണ്.
മുഖ്യമന്ത്രി ചിലവു ചുരുക്കണം എന്നു പറഞ്ഞാൽ കേസ് എടുക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയപ്പോൾ ബഹു: ഹൈക്കോടതി വിധി കേസ് സർക്കാർ നടപടി റദ്ദാക്കി ജനാധിപത്യ അവകാശം സംരക്ഷിച്ചു