വനംമന്ത്രി എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള പിസി ചാക്കോയുടെ അവസാനത്തെ അടവും പിണറായി വിജയന് (CM Pinarayi vijayan) മുന്നിൽ പൊളിഞ്ഞു. ശരത് പവാറിനെക്കൊണ്ട് പിണറായിക്കുമേൽ സമ്മർദ്ദം ചെലുത്താനുള്ള നീക്കം പരാജയപ്പെട്ടു. സിപിഎം കേന്ദ്രത്തെ നേതൃത്വത്തെ ഇടപെടുവിക്കാൻ ശ്രമിച്ചുവെങ്കിലും അതും മുഖ്യമന്ത്രി പിണറായി വിജയൻ വകവെച്ചില്ല. ഇതോടെ തോമസ് കെ തോമസിന്റെ മന്ത്രി സ്വപ്‌നം പാഴ്കിനാവ് ആകാനാണ് സാധ്യത.
ഇന്നലെ സിപിഎം കേന്ദ്രനേതൃത്വത്തെ ഇടപെടുത്തി മന്ത്രസ്ഥാനം സ്വന്തമാക്കാനുള്ള തോമസ് കെ തോമസിൻറെ ശ്രമവും ഫലം കണ്ടിരുല്ല. ഇന്നലെ ശരത് പവാറുമായി ചർച്ച നടത്തിയ തോമസ് കെ തോമസ് ഇന്ന് വീണ്ടും ചർച്ചയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും പവാർ സമയം നൽകാത്തതിനെ തുടർന്ന് പുലർച്ച കേരളത്തിലേക്ക് മടങ്ങി. ശരത് പവാറിനോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രിയെ ഉടൻ കാണുമെന്നുമായിരുന്നു തോമസ് കെ തോമസിന്റെ പ്രതികരണം
തോമസ് കെ തോമസിന് മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് സൂചിപ്പിക്കുന്നതാണ് എ കെ ശശീന്ദ്രന്റെ പ്രതികരണം. തോമസ് കെ തോമസിനോട് മുഖ്യമന്ത്രിക്ക് വിരക്തിയുണ്ടെന്നാണ് ശശീന്ദ്രൻ പറയുന്നത്. നിലവിലെ മന്ത്രിസ്ഥാനം രാജിവെച്ചാൽ പുതിയ മന്ത്രിയെ നൽകില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും ശശീന്ദ്രൻ സൂചിപ്പിച്ചു.
രാജിവെച്ചാൽ അതു മുഖ്യമന്ത്രിയോടുള്ള എതിർപ്പാകും. തോമസ് കെ.തോമസിനു മന്ത്രിയാകുന്നതിൽ താൻ ഒരിക്കലും തടസമാകില്ലെന്നും മന്ത്രിമാറുന്നതിൽ വിയോജിപ്പ് മുഖ്യമന്ത്രിക്കാണെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ. എൻസിപി മന്ത്രിമാറ്റം ദേശീയതലത്തിലല്ല കേരളത്തിലാണ് പരിഗണിക്കേണ്ടത് വ്യക്തമാക്കി തോമസിന്റെ നീക്കത്തിലുള്ള അതൃപ്തി ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ പ്രകടമാക്കി.
എൻസിപിക്ക് മന്ത്രിമാറ്റത്തിന് താല്പര്യമുണ്ടെന്ന് മുഖ്യമന്ത്രിയ ധരിപ്പിക്കാനാണ് സിപിഎം കോർഡിനേറ്ററായ പ്രകാശ് കാരാട്ടിനോട് ശരത് പവാർ അഭ്യർഥിച്ചിരിക്കുന്നത്. ഇതേപറ്റിയുള്ള ചോദ്യങ്ങളിൽ നിന്ന് കാരാട്ട് ഒഴിഞ്ഞുമാറി.
തോമസ് കെ തോമസിനെതിരെ കൂറുമാറ്റ കോഴ ആരോപണം ഉയർന്നതോടെ മന്ത്രിസഭയിലേക്ക് പരിഗണിക്കാനാവില്ലെന്ന് മുഖ്യമന്ത്രി തോമസ് കെ തോമസിനോടും, പിസി ചാക്കോയോടും നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇതിനെ മറികടക്കാൻ സിപിഎം കേന്ദ്രനേതൃത്വത്തെ കൂട്ടുപിടിക്കാനുള്ള പിസി ചാക്കോയുടെ നീക്കം ഫലം കാണാനുള്ള സാധ്യത വിരളമാണ്.