മുതിർന്ന സിപിഎം നേതാവും, മുൻ ധന മന്ത്രിയുമായിരുന്ന തോമസ് ഐസക്കിനെ കേരള നോളെജ് മിഷന്റെ ഉപദേശകനായി നിയമിച്ചത് ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹാർജി. പൊതു പ്രവർത്തകനായ പായ്ചിറ നവാസാണ് അഡ്വക്കേറ്റ് അഖിൽ സുശീന്ദ്രൻ മുഖേന ഹർജി നൽകിയത്. ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വാദം കേൾക്കും.
വിജ്ഞാന കേരളം പദ്ധതിയുടെ അഡൈ്വസറായി കഴിഞ്ഞ ദിവസമാണ് നിയമനം നടന്നത്. പ്രതിഫലമാല്ലാതെയാണ് ഐസക്കിന്റെ നിയമനമെങ്കിലും ഒരുമാസം ഒന്നര ലക്ഷം രൂപയോളം മറ്റു രീതികളിൽ സർക്കാരിന് ചെലവാകുന്നുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. 70000 രൂപയുടെ ഇന്ധനം അടിക്കാം, വണ്ടി ഓടിക്കാൻ ഡ്രൈവറെ വയ്ക്കാം, അവരുടെ ശമ്പളം നോളജ് മിഷൻ നൽകും, ഡ്രൈവർക്ക് സംസ്ഥാന സർക്കാർ കരാർ വ്യവസ്ഥയിൽ നിയമിക്കുന്ന ഡ്രൈവർക്ക് നിശ്ചയിച്ചിട്ടുള്ള നിരക്കിൽ ശമ്പളവും, ദിനബത്തയും ലഭിക്കും എന്നും ഉത്തരവിൽ പറയുന്നുണ്ട്.
ഔദ്യോഗിക ആവശ്യത്തിന് മറ്റ് യാത്രാ മാർഗ്ഗങ്ങൾ അവലംബിക്കുന്ന സാഹചര്യത്തിൽ സർക്കാർ സർവീസിലെ ക്ലാസ് 1 വിഭാഗം ഓഫീസർമാരുടെ നിരക്കിലുള്ള യാത്രാസൗകര്യവും, താമസസൗകര്യവും ലഭിക്കും.
എന്നാൽ ഇത്തരത്തിൽ വിജ്ഞാനകേരളം പദ്ധതിയുടെ ഉപദേശകനായി തോമസ് ഐസക്കിനെ നിയമിച്ചത് ചട്ടവിരുദ്ധവും അനധികൃതവും, അഴിമതിയും ആണെന്ന് വാദിച്ചു കൊണ്ടാണ് പൊതുപ്രവർത്തകൻ പായ്ചിറ നവാസ് കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരിക്കുന്നത്.
ഹർജിയിലെ പ്രധാന വാദങ്ങൾ
1) ആസൂത്രണ സാമ്പത്തിക കാര്യ (ഡെവലപ്‌മെന്റ് & ഇന്നവേഷൻ) എന്നൊരു വകുപ്പില്ല.
2) KDISC Kerala Development Innovation strategic Council ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമാണ്.
അത് ഒരു സർക്കാർ വകുപ്പല്ല
3) സർക്കാരിന്റെ തീരുമാനങ്ങൾ വിനിമയം ചെയ്യുന്ന ഉപാധികളിലൊന്നാണ് സർക്കാർ ഉത്തരവ് അഥവാ ജി ഒ.
സർക്കാർ ഉത്തരവിറക്കാൻ സർക്കാർ വകുപ്പുകൾക്ക് മാത്രമേ അധികാരമുള്ളൂ.
സർക്കാരിന്റെ കീഴിലുള്ള കൗൺസിലുകൾക്കോ, സ്ഥാപനങ്ങൾക്കോ ,തദ്ദേശ സ്വയംഭരണ സർക്കാരുകൾക്ക് പോലുമോ സർക്കാർ ഉത്തരവ് ഇറക്കാനുള്ള അധികാരമില്ല.
എന്നാൽ ഇവിടെ കൗൺസിൽ സ്വയംവകുപ്പായി ചമഞ്ഞ് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നു.
4) ഇത്തരം ഓർഡർ ഇറക്കേണ്ടത് ഗവൺമെൻറ് ആണ്. ഗവൺമെൻറ് ഇറക്കാത്ത ജി ഒ അസാധുവാണ്. ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത് എക്‌സ് ഒഫീശ്യോ പ്രിൻസിപ്പൽ സെക്രട്ടറി K.M എബ്രഹാം ആണ്.
5) Rules of business ഭേദഗതി ചെയ്ത് മാത്രമേ പുതിയ വകുപ്പ് രൂപീകരിക്കാൻ പറ്റൂ. ഇങ്ങനെ ഒരു വകുപ്പ് അത്തരത്തിൽ രൂപീകരിച്ചിട്ടില്ല.
റൂൾസ് ഓഫ് ബിസിനസ് പ്രകാരം മന്ത്രിക്ക് അധികാരമേറ്റ ശേഷം തന്റെ കീഴിലുള്ള ഉദ്യോഗസ്ഥർക്ക് അധികാരം ഡെലിഗേറ്റ് ചെയ്യാവുന്നതാണ്, അത്തരത്തിൽ Power delegation ഉണ്ടായിട്ടില്ല.
6) ഇപ്രകാരം ഒരു വകുപ്പില്ല. വകുപ്പ് ഉണ്ട് എന്ന വ്യാജേനയാണ് ഇത്തരം ഒരു ഉത്തരവ് ഇറക്കിയിരിക്കുന്നത്.
കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് കെ എം എബ്രഹാം.
അദ്ദേഹത്തിന് നൽകിയ എക്‌സ് ഒഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി എന്ന പദവി അല്ലാതെ ഇന്നവേഷൻ കൗൺസിൽ വകുപ്പ് എന്ന വകുപ്പോ അതിന്റെ ചുമതല കെ.എം എബ്രഹാമിന് നൽകിക്കൊണ്ട് സർക്കാർ ഉത്തരവോ അല്ല.
7) സാമ്പത്തിക ബാധ്യത ഉള്ള ഒരു കാര്യത്തിൽ ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ, ധനവകുപ്പ് ഫയൽകണ്ട് അഭിപ്രായം രേഖപ്പെടുത്തണം. ധനകാര്യ വകുപ്പ് ഇത്തരമൊരു ഫയൽ കാണുകയോ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ധനകാര്യ വകുപ്പുമായി ഇത്തരത്തിലുള്ള ഒരു കാര്യം കൂടിയാലോചിക്കുക പോലും ചെയ്തിട്ടില്ല. ഇത്തരം കാര്യങ്ങളിൽ ധനകാര്യ വകുപ്പിന്റെ കൂടിയാലോചനയും അഭിപ്രായവും നിർബന്ധമാണ്.
8) ഇത്തരം ഒരു അനധികൃത പോസ്റ്റിലൂടെ തോമസ് ഐസക്കിനെ നിയമിക്കുന്നത് വഴി പൊതു ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടമാണ്. കൂടാതെ ഇത്തരം പ്രവർത്തികൾ നിയമവിരുദ്ധവുമാണ്.
9 ) പുതിയ പോസ്റ്റ് സൃഷ്ടിക്കുകയും പോസ്റ്റിംഗ് നടത്തണമെങ്കിലും ധനകാര്യവകുപ്പിന്റെ അഭിപ്രായവും, ശുപാർശയും ആവശ്യമാണ്. പുതിയ തസ്തികകൾ സൃഷ്ടിക്കാൻ
പാടുള്ളതല്ല എന്ന് ധനകാര്യ വകുപ്പിന്റെ സ്റ്റാൻഡിംഗ് ഇൻസ്ട്രഷൻസ് ഉള്ളതാണ്.
10) ഈ നിയമന ഉത്തരവ് ഇറക്കിയിരിക്കുന്നത് എക്‌സ് ഒഫിഷ്യോ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവിയുള്ള ആളാണ്.. അദ്ദേഹത്തിന് ഇത് ഇറക്കാനുള്ള അധികാരമില്ല. ഉള്ള അധികാരത്തെ ദുർവിനിയോഗം നടത്തിയിരിക്കുന്നു.
1) പുതിയ ഒരു വകുപ്പ് രൂപീകരിക്കാൻ എന്തൊക്കെ മാനദണ്ഡം വേണം. ?
a). സർക്കാർ തീരുമാനം/ വിജ്ഞാപനം വേണം. എന്നാൽ ഇതുരണ്ടും തോമസ് ഐസക്കിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല.
b) റൂൾസ് ഓഫ് ബിസിനസ് പാലിക്കണം.
സർക്കാരിൻറെ ബിസിനസ് എങ്ങനെ നടത്തിക്കൊണ്ടു പോകണമെന്ന് റൂൾ ആണ് റൂൾസ് ഓഫ് ബിസിനസ്. അതിൽ അമൻറ് ചെയ്യണം, അങ്ങനെയും ഇതിൽ ചെയ്തിട്ടില്ല.
c). തോമസ് ഐസക്കിനെ നിയമിക്കുന്നതിനുള്ള ചുമതല കെ എം എബ്രഹാമിന് ചുമതല ഏൽപ്പിച്ചു കൊണ്ടുള്ള ഡെലിഗേഷൻ പവർ ആവശ്യമാണ്. അങ്ങനെ ഒരു പവർ ആരും കൊടുത്തിട്ടില്ല.
d). മുഖ്യമന്ത്രിയാണ് ഇതിന്റെ പൂർണ്ണ ചുമതലയിൽ ഉള്ളത്.
ചീഫ് സെക്രട്ടറി, ഫിനാൻസ് അഡീഷണൽ സെക്രട്ടറി, പ്ലാനിങ് ആന്റ് എക്കണോമിക് അഫയേഴ്‌സ് ഐ.ടി.എസ് പ്രിൻസിപ്പൽ സെക്രട്ടറി, കെ ഡിസ്‌ക് എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.