
എം.ആർ. അജിത് കുമാർ ഡിജിപി; മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: വിശ്വസ്തനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങളുടെയും ആക്ഷേപങ്ങളുടെയും അന്വേഷണം നേരിടുന്ന എംആർ ആജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം.
ഐപിഎസ് സ്‌ക്രീനിങ് കമ്മിറ്റി ശുപാർശ മന്ത്രി അംഗീകരിച്ചു. ഇനി യുപിഎസ്‌സിയുടെ അന്തിമ തീരുമാനം മാത്രമാണുള്ളത്.
ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവരടങ്ങിയതാണ് ഐപിഎസ് സ്‌ക്രീനിംഗ് കമ്മിറ്റി.
സ്ഥാനക്കയറ്റം ഇങ്ങനെ:
ഡി ജി പി പദവിയിലേക്ക് (1995 ബാച്ച്)
എസ് സുരേഷ്, എം ആർ അജിത്കുമാർ
എഡിജിപി പദവിയിലേക്ക് (2000 ബാച്ച്)
തരുൺ കുമാർ
ഐ ജി പദവിയിലേക്ക് (2007 ബാച്ച്)
ദേബേഷ് കുമാർ ബഹ്റ, ഉമ, രാജ്പാൽമീണ, ജയനാഥ് ജെ
ഡിഐജി പദവിയിലേക്ക് (2011 ബാച്ച്)
യതീഷ് ചന്ദ്ര, ഹരി ശങ്കർ, കാർത്തിക് കെ, പ്രതീഷ് കുമാർ, ടി നാരായൺ
നിലവിൽ 1994 ബാച്ചിലെ മനോജ് എബ്രഹാമിന് ശേഷമാണ് ഡി ജി പി റാങ്കിലേക്കുള്ള അര്‍ഹതാ പട്ടിക.
തൃശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങളിൽ നിലവിൽ അജിത്കുമാറിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ അന്വേഷണം നടക്കുന്നത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാവില്ലെന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ നിലപാട്.
അതേസമയം, ഈ അന്വേഷണങ്ങളിലൊന്നും അജിത്കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. നടക്കുന്നത് പ്രാഥമിക അന്വേഷണങ്ങൾ മാത്രമാണ്. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയെങ്കിലും സസ്പെൻഷൻ പോലുള്ള അച്ചടക്ക നടപടികൾ അജിത്കുമാർ നേരിട്ടിട്ടില്ല. സ്ഥാനമാറ്റം ഏതെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമാണെന്ന് സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി മെമ്മോ ഇറക്കിയിട്ടുമില്ല.
അതിനാൽ സ്ഥാനക്കയറ്റം ലഭിക്കാൻ അജിത്കുമാറിന് വെല്ലുവിളികൾ ഉണ്ടാവില്ല. അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസിൽ രണ്ടാഴ്ച കൊണ്ട് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കെയാണ് സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ തീരുമാനം.