News

സർക്കാരിന് വൻ തിരിച്ചടി,​ 8 നഗരസഭയിലെയും ഒരു പഞ്ചായത്തിലെയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്തെ എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. ഇത് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ്. മട്ടന്നൂർ, ശ്രീകണ്‌ഠാപുരം, പാനൂർ, കൊടുവള്ളി. പയ്യോളി,മുക്കം, ഫറൂക്ക്, പട്ടാമ്പി എന്നീ നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനവുമാണ് കോടതി റദ്ദാക്കിയത്. മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തിലെയും കൗണ്‍സിലർമാർ ഉൾപ്പെടെ നൽകിയ ഹര്‍ജിയിലാണ് വിധി.

മുസ്ലിം ലീഗിന്റെ കൗൺസിലർമാരാണ് പ്രധാനമായും കോടതിയെ സമീപിച്ചത്. പുതിയ സെൻസസ് നിലവിലില്ലാതെ പഴയതിന്റെ അടിസ്ഥാനത്തിൽ തന്നെ വാർഡ് പുനർവിഭജനത്തിനുള്ള നീക്കം സെൻസസ് നിയമത്തിന്റെയും ചട്ടത്തിന്റെയും കേരള മുനിസിപ്പൽ ആക്ടിലെ 6(2) വകുപ്പിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നൽകിയത്.

നിലവിലുള്ള 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് 2015ൽ വാർഡ് വിഭജനം നടന്നിട്ടുള്ളത്. പുതിയ സെൻസസ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ, 2019 ഡിസംബർ 31ന് ശേഷം വാർഡ് പുനർ വിഭജനം സാധ്യമല്ലെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടി. ഇതോടെ സർക്കാർ ഡീലിമിറ്റേഷൻ കമ്മിഷൻ ഉത്തരവ് പ്രകാരം നടത്തിയ വാർഡ് വിഭജനം നിയമവിരുദ്ധമാണെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കോടതി കണ്ടെത്തുകയായിരുന്നു.

ഇപ്പോള്‍ നടത്തിയിട്ടുള്ള വാര്‍ഡ് പുനര്‍വിഭജനം നിയമപരമായി നിലനില്‍ക്കില്ല എന്നതാണ് ഹൈക്കോടതി നിരീക്ഷണം. വാര്‍ഡ് പുനര്‍വിഭജനത്തിന് അടിസ്ഥാനമാക്കേണ്ടത് സെന്‍സസ് ആണെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി പരിഗണിച്ചപ്പോള്‍ സെന്‍സസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവരുടെ വിശദീകരണങ്ങള്‍ കോടതി ചോദിച്ചിരുന്നു. ഇവയൊക്കെ പരിഗണിച്ചാണ് ഹൈക്കോടതി വിധി.

വാര്‍ഡ് പുനര്‍വിഭജനം സംസ്ഥാന സര്‍ക്കാരിന്‌റെ രാഷ്ട്രീയപദ്ധതിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളും പ്രതിപക്ഷത്തിന്‌റെ ഭാഗത്തുനിന്നുണ്ടായി. അതുകൊണ്ടുതന്നെ ഇത് സര്‍ക്കാരിനുള്ള ഒരു തിരിച്ചടിയാണ്. ഈ ആവശ്യം കോടതി അംഗീകരിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x