മുംബൈ ഗേറ്റ് വെ ഓഫ് ഇന്ത്യയില്‍ ട്രയല്‍ റണ്‍ നടത്തുകയായിരുന്ന നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. അപകടത്തിന് പിന്നാലെ നൂറിലേറെ യാത്രക്കാരുമായെത്തിയ ബോട്ട് മുങ്ങിത്താഴുകയായിരുന്നു. 101 യാത്രക്കാരെ രക്ഷപ്പെടുത്തി. മരിച്ചവരില്‍ സ്പീഡ് ബോട്ടിലുണ്ടായിരുന്ന നാവിക ഉദ്യോഗസ്ഥനും യന്ത്രസാമഗ്രി നിർമാതാക്കളിലെ രണ്ടു പേരും ഉൾപ്പെടുന്നു.
യാത്രാ ബോട്ടിലുണ്ടായിരുന്ന 110 പേരിൽ പത്ത് പേരാണ് മരിച്ചത്. ബാക്കിയുള്ള 101 പേരെയും നാവിക കപ്പലിലെ രണ്ട് പേരെയും രക്ഷപ്പെടുത്തി.
“വൈകിട്ട് നാല് മണിയോടെ, എഞ്ചിൻ പരിശോധന നടത്തുകയായിരുന്ന നാവിക കപ്പൽ നിയന്ത്രണം വിട്ട് മുംബൈയിലെ കരാഞ്ചയ്ക്ക് സമീപം യാത്രാ ബോട്ടായ നീൽ കമലുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നാവികസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് എലഫന്റ ദ്വീപിലേക്ക് യാത്ര ചെയ്യുകയായിരുന്നു യാത്രാ ബോട്ട്. അപകടത്തിന് രണ്ട് മണിക്കൂറിനു ശേഷമാണ് കൂട്ടിയിടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അപകടത്തിൽ ദുഃഖം പ്രകടിപ്പിച്ചു. “മുംബൈ തുറമുഖത്ത് യാത്രാ ബോട്ടും നാവിക കപ്പലും തമ്മിലുണ്ടായ കൂട്ടിയിടിയിൽ നിരവധി ജീവൻ നഷ്ടപ്പെട്ടതിൽ ഞാൻ വളരെ ദുഃഖിതനാണ്,” അദ്ദേഹം പറഞ്ഞു.
നാവികസേനയും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനം നടത്തി. 11 നാവിക കപ്പലുകൾ, മൂന്ന് മറൈൻ പോലീസ് ബോട്ടുകൾ, ഒരു കോസ്റ്റ് ഗാർഡ് ബോട്ട് എന്നിവ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. നാല് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥർ, ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിറ്റി ജീവനക്കാർ, മത്സ്യത്തൊഴിലാളികൾ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് എലഫന്റ ഗുഹകളിലേക്ക് യാത്ര ചെയ്യാൻ ആളുകൾ പൊതു ഫെറി ബോട്ടുകളാണ് ഉപയോഗിക്കുന്നത്. അതിലൊന്നാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്.