തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) ചെയർമാന്റെയും അംഗങ്ങളുടെയും ക്ഷാമബത്ത (ഡിഎ) വർധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ജനുവരി 1 മുതൽ 9 ശതമാനവും ജൂലൈ 1 മുതൽ 7 ശതമാനവുമാണ് വർധന. ഇതോടെ ആറാം ശമ്പള പരിഷ്കരണ കമ്മിഷൻ നിശ്ചയിച്ചതനുസരിച്ചുള്ള (പ്രീ റിവൈസ്ഡ് സ്കെയിൽ) ആകെ ഡിഎ 246 ശതമാനമായി.
കുടിശികത്തുക പണമായി നൽകും. കേന്ദ്രജീവനക്കാർ ക്ക് ക്ഷാമബത്ത വർധിപ്പിച്ചത് കണക്കിലെടുത്താണ് പിഎസ് സി അംഗങ്ങൾക്കും വർധിപ്പിച്ചത്.
ശമ്പളം വർദ്ധിപ്പിക്കണമെന്ന് ചെയർമാൻ
ശമ്പളം പോരെന്ന് പിഎസ്‌സി ചെയർമാനും മെമ്പർമാരും. ശമ്പളം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി ചെയർമാൻ കത്ത് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. തന്റെ ശമ്പളം 3.81 ലക്ഷമായി വർദ്ധിപ്പിക്കണമെന്നാണ് പി.എസ്.സി ചെയർമാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അംഗങ്ങൾക്ക് 3.73 ലക്ഷം ശമ്പളം നൽകണമെന്നും ചെയർമാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ഡി.എ, വാഹന ബത്ത , വീട് വാടക അടക്കം 2.24 ലക്ഷം രൂപയാണ് ചെയർമാന്റെ ശമ്പളം. അംഗങ്ങൾക്ക് 2.19 ലക്ഷവും. കേന്ദ്ര ഡി.എ വർഷത്തിൽ രണ്ട് പ്രാവശ്യമാണ് വർദ്ധിക്കുന്നത്. ഇതിന് അനുസരിച്ച് ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളത്തിലും വർദ്ധന ഉണ്ടാകും.
പുതിയ ശമ്പളത്തിന് 2016 ജനുവരി 1 മുതൽ മുൻ കാല പ്രാബല്യവും ചെയർമാൻ ആവശ്യപ്പെടുന്നുണ്ട്. ശമ്പള കുടിശിക കൊടുക്കാൻ വേണ്ടത് 35 കോടി രൂപയാണ്. കേരളത്തിൽ നിയമനത്തിന് വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ലാത്ത അപൂർവ്വ പോസ്റ്റാണ് പി.എസ്.സി അംഗങ്ങളുടേത്.
സർക്കാർ ജോലിക്കായി പ്യൂൺ മുതൽ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരെ വരെ തെരഞ്ഞെടുക്കേണ്ട ചുമതലയുള്ളവർക്ക് വിദ്യാഭ്യാസം ഉണ്ടായിരിക്കണമെന്നില്ല എന്നതാണ് അവസ്ഥ.
ഇന്റർവ്യു ഉള്ള തസ്തികകളിൽ ഇവരുടെ സാന്നിദ്ധ്യം ഉണ്ടാകും. ശമ്പളം കൂടാതെ ലക്ഷങ്ങളാണ് ഇന്റർവ്യു നടത്താൻ വിവിധ ജില്ലകളിൽ പോയി എന്ന് പറഞ്ഞ് ഇവരുടെ പോക്കറ്റുകളിലേക്ക് പോകുന്നത്. രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളവനും സ്‌കൂളിൽ പോകാത്തവനും പി.എസ്.സി അംഗം ആകാം എന്ന അവസ്ഥയാണ് സംസ്ഥാനത്ത്.
രാഷ്ട്രീയ ശുപാർശ നിയമനം ആയതുകൊണ്ട് രാഷ്ട്രീയ നേതാക്കൻമാരുടെ ശിങ്കിടി ആയാൽ പി.എസ്.സി അംഗമാകാൻ എളുപ്പമാണ്. പി.എസ്.സി അംഗങ്ങളുടെ എണ്ണത്തിലും കേരളം നമ്പർ വൺ ആണ്. 20 പി എസ് സി അംഗങ്ങളാണ് കേരളത്തിൽ ഉള്ളത്. യൂണിയൻ പബ്‌ളിക്ക് സർവീസ് കമ്മീഷനിലെ (യു.പി.എസ്.സി) അംഗങ്ങളുടെ എണ്ണം കേട്ടാൽ ഞെട്ടരുത്. വെറും 9 എണ്ണം!.
- മറ്റ് സംസ്ഥാനങ്ങളിലെ പി.എസ്.സി അംഗങ്ങളുടെ എണ്ണം ഇങ്ങനെ :
- രാജസ്ഥാൻ :- 8
- ഒറീസ :- 6
- ആന്ധ്ര:- 8
- ഗുജറാത്ത് :- 7
- കർണാടക :- 13
- തെലുങ്കാന :- 8
- മഹാരാഷ്ട്ര :- 4
- മധ്യപ്രദേശ് :- 5
- തമിഴ്‌നാട് :- 14
- മിസോറാം :- 3
- അരുണാചൽ പ്രദേശ് :-5
- ഛത്തീസ്ഗഡ്:- 5
- ഉത്തരാഖണ്ഡ്:- 6
- ഗോവ :- 2
- സിക്കിം:- 3
- ജമ്മു:- 8
- ജാർഖണ്ഡ്:- 4
- ഹിമാചൽ :- 3
- ബീഹാർ :- 6
- വെസ്റ്റ് ബംഗാൾ :- 7
- ആസാം :- 6
- ത്രിപുര :- 4
- മണിപ്പൂർ :- 2