പങ്കാളിത്ത പെൻഷൻ: ഉന്നതതല സമിതിയും പ്രഹസനം

മിനിട്‌സ് പോലുമില്ലാതെ ഒറ്റത്തവണ മാത്രം യോഗം ചേർന്നുവെന്ന് മറുപടി

Contributory pension KN Balagopal committee

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി സമിതി റിപ്പോർട്ട് പഠിക്കാനായി നിയമിച്ച ഉന്നതതല സമിതി ഒരു വർഷത്തിനിടെ യോഗം ചേർന്നത് ഒരു തവണ മാത്രമെന്ന് വിവരാവകാശ രേഖ. യോഗനടപടിക്കുറി പ്പും തയാറാക്കിയിട്ടില്ലെന്നും രേഖയിൽ വ്യക്തമാക്കുന്നു.

2023 നവംബർ രണ്ടിന് ധനമന്ത്രി, നിയമമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാണ് രൂപീകരിച്ചിരുന്നത്. യോഗനടപടി കുറിപ്പില്ലാതെ യോഗം ചേർന്നുവെന്ന് വിവരാവകാശരേഖയിൽ വ്യക്തമാക്കിയത് തട്ടിക്കൂട്ട് മറുപടിയാണെന്ന് പങ്കാളിത്ത പെൻഷൻകാരുടെ സർവീസ് സംഘടനയായ സ്റ്റേറ്റ് എൻ.പി.എസ്. എംപ്ലോയിസ് കളക്ടീവ് കേരള ആരോപിക്കുന്നത്.

21.08.2024ന് സമിതി യോഗം കൂടിയിരുന്നോയെന്ന ചോദ്യത്തിന് 12.09.2024ന് നൽകിയ മറുപടി പഠിച്ച് കൊണ്ടിരിക്കുകയാണ്, തീരുമാനമെടുത്തിട്ടില്ല എന്നാണ്. അവ്യക്തമായ മറുപടിക്ക് 04.10.2024ന് നൽകിയ അപ്പീൽ അപേക്ഷക്ക് മറുപടിയായാണ് സമിതിയോഗം ചേർന്നുവെന്നും മിനുട്സ് രേഖപ്പെടുത്തിയില്ല എന്നും വ്യക്തമാക്കിയിരിക്കുന്നത്.

പുനഃപരിശോധനാ സമിതി റിപ്പോർട്ട് സമർപ്പിച്ചാൽ ഉടൻ നടപടി സ്വീകരിക്കും എന്നായിരുന്നു 2021ൽ ഇടതുപക്ഷം പ്രകടനപത്രികയിൽ പറഞ്ഞിരുന്നത്. 2021 ഏപ്രിൽ 30ന് റിട്ട. ജില്ലാ ജഡ്ജി സതീഷ്ചന്ദ്രബാബു ചെയർമാനായ പുനഃപരിശോധന സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സർക്കാർ ഇത് നടപ്പാക്കാതെ രണ്ടര വർഷങ്ങൾക്ക് ശേഷം വീണ്ടും പഠിക്കാനായി പുതിയ സമിതി രൂപീകരിക്കുകയായിരുന്നു.

ഇതിന്റെ പ്രവർത്തനവും ഇതോടെ പ്രഹസനമായിരിക്കുകയാണ്. ഇടതുപക്ഷം രണ്ടുതവണയും പങ്കാളിത്ത പെൻഷൻകാരെ വഞ്ചിക്കുന്ന നിലപാടുകളാണ് കൈകൊണ്ടതെന്നും ഈ വിഭാഗം ജീവനക്കാർ ആരോപിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം പദ്ധതി പിൻവലിക്കുകയോ, ജീവനക്കാർക്ക് അർഹമായ ആനു കൂല്യങ്ങൾ നൽകുകയോ ചെയ്യുമ്പോഴാണ് ഇവിടെ പഠിച്ചിട്ടും പഠിച്ചിട്ടും തീരാതെ സർക്കാർ വീണ്ടും ജീവനക്കാരെ വഞ്ചിക്കുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. പ്രതിഷേധങ്ങൾ കനപ്പിച്ച് സർക്കാരിന്റെ ശ്രദ്ധ ഇനിയും ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ് പങ്കാളിത്ത പെൻഷൻ ജീവനക്കാർ.

അതേസമയം, പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം നടത്തുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ ഇതേ ആവശ്യം ഉന്നയിച്ച് പണിമുടക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ ജീവനക്കാർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ പ്രതിപക്ഷത്തും ഭരണപക്ഷത്തു നിന്നും ശക്തമായ ആവശ്യങ്ങൾ ഉയരുമ്പോഴും മുഖ്യ ഭരണപാർട്ടിയായ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും മാത്രമാണ് കുലുക്കമില്ലാത്തത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments