ചെന്നൈ: ചെസ് ലോക ചാമ്പ്യൻ ദൊമ്മരാജു ഗുകേഷിന് ചെന്നൈ വിമാനത്താവളത്തിൽ നാടിന്റെ ഗംഭീര സ്വീകരണം. സിംഗപ്പുരിൽ നടന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് ലോക ചാമ്പ്യനായത്. തമിഴ്‌നാട് കായികവകുപ്പ് മന്ത്രി ചാമ്പ്യനെ സ്വീകരിച്ചു. സായ് അധികൃതരും വേലമ്മാൾ സ്‌കൂളിലെ അധ്യാപകരും ചേർന്ന് ഗുകേഷിനെ ബൊക്കെ നൽകി സ്വീകരിച്ചു.
ആശംസകൾ അറിയിക്കുന്നതിനും സ്വീകരണം നൽകുന്നതിനും നിരവധിപേരാണ് വിമാനത്താവളത്തിൽ എത്തിചേർന്നത്. തമിഴ്നാട് സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റിയും വേലമ്മാൾ സ്‌കൂൾ അധ്യാപകരും ചേർന്ന് ഗുകേഷിനെ സ്വാഗതം ചെയ്തു.
വളരെ സന്തോഷമുണ്ട്, ഈ പിന്തുണയും ഇന്ത്യയ്ക്ക് ഈ വിജയം അർത്ഥമാക്കുന്നതെന്തെന്നും മനസിലാകുന്നുണ്ടെന്ന് ഗുകേഷ് പറഞ്ഞു. എല്ലാവരും തനിക്ക് വളരെയധികം ഊർജ്ജം നൽകിയെന്നും ആരാധകരോടായി ഗുകേഷ് പ്രതികരിച്ചു.
ഗുകേഷിന്റെ ചരിത്രവിജയം രാജ്യത്തിന് ആനന്ദവും അഭിമാനവും നൽകിയെന്നും ഭാവിയിൽ അദ്ദേഹം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെയെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആശംസിച്ചിരുന്നു. ഗുകേഷിന് തമിഴ്നാട് സർക്കാർ പ്രോത്സാഹനമായി അഞ്ചുകോടി രൂപ സമ്മാനവും പ്രഖ്യാപിച്ചിരുന്നു.
ആറര പോയിന്റിനെതിരേ ഏഴര പോയിന്റ് നേടിയാണ് ഗുകേഷ് വിശ്വവിജയിയായത്. 14 ഗെയിമുകളുള്ള ഫൈനലിൽ മൂന്നു കളികൾ ഗുകേഷും രണ്ടുകളികൾ ഡിങ്ങും ജയിച്ചു. ഒമ്പത് ഗെയിമുകൾ സമനിലയിലായി. വിശ്വനാഥൻ ആനന്ദിനുശേഷം ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമായി മാറി ഗുകേഷ്. ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഗുകേഷിന് സ്വന്തമായി. 22-ാം വയസ്സിൽ ചാമ്പ്യനായ റഷ്യൻ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോഡാണ് ഗുകേഷ് മറികടന്നത്.