
വിഴിഞ്ഞം: കേരളത്തിന് തിരിച്ചടി; വിജിഎഫ് നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് അനുവദിക്കുന്ന വിജിഎഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട്) നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം. കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ പാർലമെൻറിൽ അറിയിച്ചു.
കരാർ വ്യവസ്ഥയിൽ വിജിഎഫ് തുക തിരിച്ചടയ്ക്കണമെന്ന് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ വിജിഎഫിന്റെ കാര്യത്തിലും വരുമാനവിഹിതം പങ്കുവയ്ക്കുന്ന കാര്യത്തിലും യാതൊരു വിട്ടുവിഴ്ച്ചയ്ക്കും തയാറല്ലെന്ന് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ രാജ്യസഭയെ അറിയിച്ചു. ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് പല മടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
കേന്ദ്രസർക്കാർ വിജിഎഫ് ഗ്രാൻറിന്റെ കാര്യത്തിൽ പുലർത്തുന്ന പൊതുനയത്തിൽനിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ മാത്രം കേന്ദ്ര ധനമന്ത്രാലയം സ്വീകരിക്കുന്ന നിലപാട്. വിജിഎഫ് ഗ്രാന്റായി തന്നെ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു.
കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് രൂപീകരിച്ച എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നൽകാൻ ശുപാർശ ചെയ്തത്. ഈ തുക ലഭിക്കണമെങ്കിൽ വിജിഎഫ് കേരള സർക്കാർ നെറ്റ് പ്രസൻറ് മൂല്യം അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്ന നിബന്ധനയാണ് കേന്ദ്രം മുന്നോട്ടു വച്ചത്.
വിജിഎഫ് ആയി കേന്ദ്രം നൽകുന്നത് 817.80 കോടി രൂപയാണെങ്കിലും തിരിച്ചടവിന്റെ കാലയളവിൽ പലിശനിരക്കിൽ വരുന്ന മാറ്റങ്ങളും തുറമുഖത്തിൽ നിന്നുള്ള വരുമാനവും പരിഗണിച്ചാൽ ഏതാണ്ട് 10,000 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് കണക്കാക്കുന്നത്. മാനദണ്ഡമനുസരിച്ച് ഒറ്റത്തവണ ഗ്രാൻറായി നൽകണം. അതു വായ്പയായി പരിഗണിക്കേണ്ടതല്ല.
എന്നാൽ, കേന്ദ്രം വിഴിഞ്ഞം തുറമുഖ പദ്ധതിക്കു നൽകിയ തുക സംസ്ഥാന സർക്കാരിനു നൽകിയ വായ്പയായി വ്യാഖ്യാനിക്കുകയും അതിൻറെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സർക്കാരിൻറെ ബാധ്യതയാക്കി മാറ്റുകയുമാണു ചെയ്യുന്നതെന്നും പ്രധാനമന്ത്രിക്കുള്ള കത്തിൽ വിശദീകരിച്ചിരുന്നു.