അടുത്തമാസം അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ വയനാട് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കും. മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് 3000 കോടിയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് മലയാളം മീഡിയ ലൈവിന് ലഭിക്കുന്ന സൂചന. 2025-26 ലെ ബജറ്റ് പണിപ്പുരയിലാണ് കെ.എൻ. ബാലഗോപാൽ.
മുണ്ടക്കൈ ചൂരൽമല ദുരന്തം കഴിഞ്ഞിട്ട് 4 മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിലെ മെല്ലെപ്പോക്കിന്നെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. പ്രധാനമന്ത്രി ദുരന്ത മേഖല സന്ദർശിച്ചിട്ടും കേന്ദ്ര സഹായം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കേരളം പ്രൊപ്പോസൽ കൊടുക്കാൻ വൈകി എന്നാണ് ഇതിന് കാരണമായി കേന്ദ്രം പറയുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വയനാടിന് വേണ്ടി എത്തിയ 680 കോടിയിൽ 7.65 കോടി മാത്രമാണ് ഇതുവരെ അനുവദിച്ചത്. ഇതിനെതിരെയും വിമർശനം ശക്തമാണ്. ഇതെല്ലാം കണക്കിലെടുത്താണ് ബജറ്റിൽ പാക്കേജ് പ്രഖ്യാപിക്കാൻ ബാലഗോപാൽ തയ്യാറെടുക്കുന്നത്.
അതേസമയം, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സുരേഷ് ഗോപിയുടെ നടനവൈഭവമാണ് കഴിഞ്ഞ ദിവസം പാർലമെൻറിൽ കണ്ടതെന്നും കനിമൊഴിക്കെതിരായ ആംഗ്യം മോശമായ നടപടിയാണെന്നും ബാലഗോപാൽ പറഞ്ഞു. കേന്ദ്രത്തിൻറേത് മുറിവിൽ മുളക് പുരട്ടുന്ന സമീപനമാണ്. കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് വയനാട് പുനരുധിവാസത്തെ ബാധിക്കില്ല.കേരളത്തിന് സഹായം ചെയ്യുന്നില്ല എന്ന് മാത്രമല്ല അപഹസിക്കുകയും ചെയ്യുകയാണ് സുരേഷ് ഗോപിയെന്ന് ധനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
പുരോഗമനപരവും മാതൃകാപരവുമായ രീതിയിലായിരിക്കും പുനരധിവാസമെന്നും കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് റോളില്ലാത്തതാകാം അവഗണനയ്ക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു. തമിഴ്നാടിനെന്ന പോലെ കേരളത്തിനും അർഹമായ സഹായം നൽകുന്നില്ലെന്ന് കനിമൊഴി പറഞ്ഞപ്പോഴാണ് തൃശൂർ എംപികൂടിയായ സുരേഷ് ഗോപി ചിരിച്ചുകൊണ്ട് കൈമലർത്തിക്കാട്ടിയത്.