പൃഥ്വിരാജ് അമ്മ പ്രസിഡന്റാകുന്നത് ഇഷ്ടമല്ല: മല്ലിക സുകുമാരൻ
മലയാള സിനിമാ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട അഭിനേത്രിയാണ് മല്ലിക സുകുമാരൻ. ഇന്ദ്രജിത് (Indrajith Sukumaran), പൃഥ്വിരാജ് (Prithviraj sukumaran) എന്നീ നടൻമാരുടെ വിശേഷങ്ങളും അനുഭവങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുന്നതിൽ ഒട്ടും മടിയില്ലാത്ത ഒരു അമ്മയും കൂടിയാണ് മല്ലിക. തന്റെ മക്കളുടെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും അനുഭവങ്ങളും തുറന്നുപറയുകയാണ് മല്ലിക സുകുമാരൻ.
ഇന്ദ്രനെയും പൃഥ്വിരാജിനെയും കൈപിടിച്ച് കൊണ്ടുവന്നത് വിനയൻ
സംവിധായകൻ വിനയനും ഇവരുടെ കരിയറുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: തന്റെ മകൻ ഇന്ദ്രജിത് സിനിമയിലേക്ക് കടന്നുവന്നത് വിനയൻ ചിത്രത്തിലൂടെയല്ല, അതിന് മുമ്പ് വിജി തമ്പി സംവിധാനം ചെയ്ത ഒരു ടെലിഫിലിമിലാണ് ഇന്ദ്രജിത് അഭിനയിക്കുന്നത്. അതിലെ രംഗങ്ങൾ കണ്ടിട്ടാണ് വിനയൻ ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിൽ അഭിനയിക്കാൻ വിളിക്കുന്നത്. വിനയൻ ചിത്രത്തിലൂടെയാണ് ഇന്ദ്രജിത്ത് സിനിമയിൽ വന്നതെന്ന് പറയുന്നവരെ തിരുത്തുകയാണ് മല്ലിക.
പൃഥ്വിരാജിന് സിനിമാ മേഖലയിൽ, പ്രത്യേകിച്ച് സിനിമാ സംഘടനകളിൽ നിന്നുള്ള പ്രതിസന്ധിയുണ്ടായ ആദ്യകാലത്ത് പ്രശ്‌നം പരിഹരിക്കാൻ അമ്മ പ്രസിഡന്റായിരുന്ന ഇന്നസെന്റിനെ വിളിച്ചെങ്കിലും രണ്ട് മൂന്നാഴ്ച്ചയായിട്ടും പരിഹരിക്കപ്പെട്ടില്ല. സിനിമയിലേക്ക് കടന്നുവന്നയുടനെ കൂട്ടമായി ചേർന്ന് ആക്രമിക്കപ്പെട്ടാൽ അവന്റെ കരിയർ നശിച്ചുപോകുമെന്ന് ഇന്നസെന്റിനോട് പറഞ്ഞിരുന്നു. ഒരാഴ്ച്ചകൊണ്ട് പരിഹാരമുണ്ടാകുമെന്ന് ഇന്നസെന്റ് പറഞ്ഞെങ്കിലും അത് നീണ്ടുപോയി. ആ സമയത്ത് വിനയൻ ഇടപെട്ടാണ് പൃഥ്വിരാജിന് സിനിമയിൽ അഭിനയിക്കാൻ അവസരമൊരുക്കിയതെന്നും മല്ലിക സുകുമാരൻ പറയുന്നു. അതുകൊണ്ടുതന്നെ വിനയൻ സാറിനെതിരെ പറയുന്നവർക്കൊപ്പം താൻ നിൽക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അമ്മയുടെ തലപ്പത്ത് പൃഥ്വിരാജ് വേണ്ട
മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പൃഥ്വിരാജ് സുകുമാരന്റെ പേര് കേൾക്കുന്നതിനെക്കുറിച്ചും തന്റെ അഭിപ്രായം മല്ലിക സുകുമാരൻ പറഞ്ഞു. സംഘടനയുടെ തലപ്പത്തേക്ക് പൃഥ്വിരാജ് വരുന്നത് ഇഷ്ടമല്ല. അവൻ പൊതുവെ ചെറുപ്പമാണ്. സിനിമാ പരിചയവും ലോക പരിചയവുമൊക്കെ ആയി വരുന്നതേയുള്ളൂ. അവിടെ (അമ്മയിൽ) കുറേ കാർന്നോൻമാര് ഉണ്ട് അവര് ഭരിക്കട്ടേ എന്നതാണ് തന്റെ അഭിപ്രായം എന്നാണ് പൃഥ്വിരാജിന്റെ അമ്മ പറയുന്നത്.