പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് സെവനെതിരായ ഉന്നയിച്ച ആരോപണത്തിൽ മലക്കം മറിഞ്ഞ് സിപിഎം. മെക് സെവനെതിരെ സിപിഎം പൊതു സമ്മേളനത്തിൽ പരസ്യമായി പറഞ്ഞ കാര്യങ്ങൾ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ തിരുത്തി.
മെക് സെവൻ സദുദ്ദേശത്തോടെ സംഘടിപ്പിച്ച കൂട്ടായ്മയാണന്നും ചുരുക്കം ചിലയിടങ്ങളിൽ ജമാഅത്തെ ഇസ്ലാമിയുടേയും പോപ്പുലർ ഫ്രണ്ടിന്റേയും ആളുകൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെന്നും മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നുമാണ് ഇന്ന് ജില്ലാ സെക്രട്ടറിയുടെ നിലപാട്. നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിലെ പ്രവർത്തകരും ജമാഅത്തെ ഇസ്ലാമിയും ചേർന്ന് ആളെ കൂട്ടാനായി പൊതുസ്ഥലത്ത് നടത്തുന്ന ഗൂഢ പരിപാടിയാണെന്ന വാദമാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. മെക് സെവനെതിരായ ആക്ഷേപത്തിൽ പാർട്ടിക്കുള്ളിൽ നിന്നും മുന്നണിക്കുള്ളിൽ നിന്നും എതിർപ്പുയർന്ന സാഹചര്യത്തിലാണ് മലക്കം മറിച്ചിൽ.
മെക് സെവൻ ഹെൽത്ത് ക്ലബ് എന്ന കൂട്ടായ്മ വർഷങ്ങളായി സമൂഹത്തിൽ പ്രവർത്തിക്കുന്നതാണെന്നും നിരവധി സിപിഎം പ്രവർത്തകർ ഇതിൽ പങ്കാളികളാണെന്നും മന്ത്രിമാരും മുൻമാന്ത്രിമാരും ഇതിന് ആശംസകൾ അർപ്പിച്ചതുമൊക്കെ പുറത്തുവന്നതോടെയാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ മനംമാറ്റം.
മന്ത്രി മുഹമ്മദ് റിയാസ്
മന്ത്രി മുഹമ്മദ് റിയാസ് മെക് സെവന് ആശംസകൾ നേർന്നു കൊണ്ട് അയച്ച കത്തിൽ പറയുന്നത് ഇങ്ങനെയാണ്: “ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ പ്രഭാത വ്യായാമത്തിനായി ഒരു കൂട്ടായ്മ എന്നത് പരസ്പര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഹായകരമായിരിക്കുമെന്നത് തീർച്ചയാണ്. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനത്തിന് മെക് സെവൻ എന്ന മൾട്ടി എക്‌സർസൈസ് കോമ്പിനേഷൻ പദ്ധതി പ്രയോജകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.“
അഹമ്മദ് ദേവർ കോവിൽ
മെക് സെവന്റെ കോഴിക്കോട് ബീച്ചിലെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തത് ഐ.എൻ.എൽ നേതാവും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർ കോവിൽ. ഒപ്പം വ്യായാമം ചെയ്താണ് ദേവർകോവിൽ കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. മെക് സെവന്റെ ഹൃദയദിനാഘോഷം ഉദ്ഘാടനം ചെയ്തത് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. മെക് 7 നൊപ്പം സഹകരിക്കുന്ന അഹമ്മദ് ദേവർ കോവിലിനടക്കം സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഈ പ്രസ്താവനയോട് കടുത്ത എതിർപ്പുണ്ട്. ഈ ഈ സാഹചര്യത്തിൽ കൂടിയാണ് പി മോഹനൻ നിലപാട് മയപ്പെടുത്തിയത്. സദുദ്ദേശത്തോടെയാണ് മെക് 7 ന്റ പ്രവർത്തനമെന്ന് പറഞ്ഞ പി മോഹനൻ ചുരുക്കം ചിലയിടങ്ങളിൽ ചില മതരാഷ്ട്ര വാദികൾ ഇതിനൊപ്പം കൂടിയുണ്ടെന്നും അതിൽ ജാഗ്രത വേണമെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും പറഞ്ഞ് ഒഴിഞ്ഞു.