National

ജമ്മു കശ്മീരില്‍ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗ്രാം ജില്ലയില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു.ഏറ്റുമുട്ടലില്‍ ഒരു ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുല്‍ഗ്രാം അഡീഷണല്‍ എസ്പി മുംതാസ് അലി ഭട്ടി, രാഷ്ട്രീയ റൈഫിള്‍സിലെ ശിപായിമാരായ മോഹന്‍ ശര്‍മ, സോഹന്‍ കുമാര്‍, യോഗീന്ദര്‍, മുഹമ്മദ് ഇസ്രാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുല്‍ഗ്രാമിലെ അഡിഗാം മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് വെടിവയ്പ്പ് തുടരുകയാണ്. പ്രത്യേക ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം സൈന്യവും പോലീസും സിആര്‍പിഎഫും ഉള്‍പ്പെടെയുള്ള സുരക്ഷാ സേനകള്‍ പ്രദേശത്ത് സെര്‍ച്ച് ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു. ഒളിച്ചിരിക്കുന്ന ഭീകരരെ ശ്രദ്ധാപൂര്‍വ്വം സമീപിച്ചതിന് ശേഷമാണ് സുരക്ഷാ സേന ഏറ്റുമുട്ടിയത്.

ഒളിച്ചിരിക്കുന്ന ഭീകരര്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഉറപ്പാക്കാന്‍ സുരക്ഷാ സേന എല്ലാ രക്ഷപ്പെടല്‍ വഴികളും തടഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജമ്മു ഡിവിഷനിലെ മലയോര ജില്ലകളായ ദോഡ, കത്വ, രജൗരി, പൂഞ്ച്, റിയാസി എന്നിവിടങ്ങളില്‍ സൈന്യത്തിനും പ്രാദേശിക പോലീസിനും സാധാരണക്കാര്‍ക്കുമെതിരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *