തൻ്റെ ഒരാഴ്ച്ച പ്രായമായ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബോളിവുഡ് നടി രാധിക ആപ്തെ. ഭർത്താവ് ബെനഡിക്ട് ടെയിലറുമായി രാധിക തൻ്റെ ആദ്യ കുഞ്ഞിനെ വരവേറ്റിട്ട് ഒരാഴ്ച്ചയായെന്ന് ബോളിവുഡ് സെലിബ്രിറ്റി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ചയാണ് ഇവർ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരാഴ്ച പ്രായമായ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരിക്കുന്ന തന്റെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള സന്തോഷ വാർത്ത അറിയിച്ചത്.
2024 ഒക്ടോബറിൽ ബിഎഫ്ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനിടെയാണ് രാധിക ആപ്തെ ഗർഭിണിയാണെന്ന് പ്രഖ്യാപിച്ചത്. ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷനിൽ, കുഞ്ഞിനെ സ്വാഗതം ചെയ്തതിന് ശേഷം താൻ ആദ്യത്തെ വർക്ക് മീറ്റിംഗ് എന്ന് കുറിച്ചിരുന്നു. ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് പുറത്തുപറഞ്ഞിട്ടില്ല.
രാധിക ചിത്രം പങ്കുവെച്ച ഉടൻ തന്നെ അഭിനന്ദനങ്ങൾ പ്രവാഹമായി. ദിവ്യേന്ദു ശർമ്മ, ടിസ്ക ചോപ്ര, ഗുൽഷൻ ദേവയ്യ, വിജയ് വർമ്മ, നീരജ് ഘേവൻ, സോയ അഖ്തർ തുടങ്ങിയ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ചു.
ബ്രിട്ടീഷ് വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബെനഡിക്ട് ടെയിലറാണ് രാധികയുടെ ഭർത്താവ്. ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. മറ്റ് നിരവധി നടീനടന്മാരെ പോലെ തന്നെ ഗർഭധാരണം സോഷ്യൽ മീഡിയയിൽ പ്രഖ്യാപിക്കാതിരിക്കാൻ ഈ ദമ്പതികൾ ശ്രദ്ധിച്ചിരുന്നു.