ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് മന്ത്രി; കർശന നടപടി ഉണ്ടാകുമെന്ന് വി ശിവൻകുട്ടി

v Sivankutty മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതായി സ്ഥിരീകരിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഈ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അർദ്ധവാർഷിക പ്ലസ്‌വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ ചോർന്ന വിഷയത്തിൽ കുറ്റക്കാരായ എല്ലാവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നാണ് മന്ത്രി അറിയിച്ചത്.

ഈ വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നുണ്ട്. സർക്കാരിന്റെ ശമ്പളം വാങ്ങിക്കൊണ്ട് ഇത്തരം വഞ്ചനാപരമായ പ്രവർത്തികളിൽ ഏർപ്പെട്ട അധ്യാപകർ ആരായാലും അവർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുന്ന പൊതുവിദ്യാഭ്യാസ സംവിധാനത്തെ തകർക്കാനുള്ള ശ്രമമാണിത്. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ട്യൂഷൻ എടുക്കുന്ന അധ്യാപകരുടെ വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കും. ചോദ്യങ്ങൾ തയ്യാറാക്കുന്നവരോ വിതരണം ചെയ്യുന്നവരോ അറിയാതെ ചോദ്യപ്പേപ്പർ പുറത്തുപോകില്ലെന്നും മന്ത്രി പറഞ്ഞു. ചില വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ചോർച്ച ഉണ്ടായിട്ടുള്ളതെന്നും വിവിധ തലങ്ങളിലായി അന്വേഷണം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വകുപ്പുതല അന്വേഷണത്തിന് അപ്പുറത്തേക്ക് ഗൗരവകരമായി തന്നെ ഈ വിഷയത്തെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.

ചോദ്യപ്പേപ്പർ വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന ഡി.ജി.പി, സൈബർ സെൽ എന്നിവർക്ക് പരാതി നൽകിയതായി ശിവൻകുട്ടി അറിയിച്ചു. യൂട്യൂബ് ചാനലുകളിൽ ചോദ്യപ്പേപ്പർ വന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരും. പരീക്ഷാ നടത്തിപ്പിൽ സർക്കാർ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല. സംഭവം ചർച്ച ചെയ്യാനായി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോദ്യപ്പേപ്പർ പുറത്തുപോകില്ലെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലാണ് പരീക്ഷയുടെ തലേന്ന് ചോദ്യങ്ങളുടെ മാതൃക പുറത്തുവന്നത്. വ്യാഴാഴ്ചയായിരുന്നു പ്ലസ്‌ വൺ കണക്ക് പരീക്ഷ. പരീക്ഷയ്ക്കുവന്ന 23 മാർക്കിന്റെ ചോദ്യങ്ങൾ ബുധനാഴ്ച രാത്രി സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിലൂടെയാണ് പുറത്തുവന്നത്.

ചോദ്യത്തിന്റെ ക്രമംപോലും തെറ്റാതെ ചർച്ചചെയ്യുന്ന വീഡിയോ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടതെന്ന് അധ്യാപകർ പറയുന്നു. ഫോണിലൂടെയും സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പിലൂടെയും കുട്ടികൾ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചോദിച്ചതാണ് സംശയത്തിനിടയാക്കിയത്. ബുധനാഴ്ച നടന്ന എസ്.എസ്.എൽ.സി. ഇംഗ്ലീഷ് പരീക്ഷയിൽ ആകെയുള്ള 80 മാർക്കിന്റെ ചോദ്യങ്ങളിൽ 70 ശതമാനവും ഓൺലൈൻ ചാനൽ പ്രവചനത്തിലുണ്ട്. പത്താംക്ലാസ് ചോദ്യച്ചോർച്ചയിൽ കോഴിക്കോട് പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ പൊതുവിദ്യാഭ്യാസ വകുപ്പിനും പോലീസിനും പരാതി നൽകി. സംഭവവുമായി പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെങ്കിൽ നടപടി സ്വീകരിക്കണമെന്നും സി. മനോജ് കുമാർ ആവശ്യപ്പെട്ടു.

അധ്യാപകർക്കിടയിലും ചോദ്യച്ചോർച്ച ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് പരീക്ഷയ്ക്കും ഈ വർഷത്തെ ഓണപ്പരീക്ഷയ്ക്കും സമാനമായ ആരോപണങ്ങളുണ്ടായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments