പാൻ ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ കോടികൾ കൊയ്ത് മുന്നേറുകയാണ് അല്ലു അർജുൻ നായകനായ പുഷ്പ 2 ദി റൂൾ. സിനിമ, തിയേറ്ററിലെത്തി ഒമ്പതാം ദിവസം 750 കോടി പിന്നിട്ടിരിക്കുകയാണ് സിനിമയുടെ കളക്ഷൻ. സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം ഡിസംബർ 5-നാണ് തിയേറ്ററിൽ എത്തിയത്.
അന്നേ ദിവസം തന്നെ നായകനായ അല്ലു അർജുന്റെ സ്വകാര്യ ജീവിതത്തിലും വഴിത്തിരിവാകുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. സിനിമ റിലീസായ ദിവസം തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അല്ലു അർജുൻ തിയേറ്ററിലെത്തുന്നതറിഞ്ഞ് കൂട്ടംകൂടിയ ആളുകൾക്കിടയിൽപ്പെട്ടാണ് ഈ ദുരന്തം സംഭവിച്ചത്. ഇതിന്റെ പേരിൽ പ്രതിയായ അല്ലുവിനെ വീട്ടിൽ എത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപ്രതീക്ഷിത അറസ്റ്റിലും പോലീസിന്റെ പെരുമാറ്റത്തിലും തകർന്ന മാനസികാവസ്ഥയിലാണ് അല്ലു അർജുൻ.
അല്ലുവിനെ ഹൈദരബാദ് നാമ്പള്ളി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തെങ്കിലും ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടാനായി. പക്ഷേ, ജയിൽ മോചിതനാകാൻ സാധിച്ചില്ല. കോടതി ഉത്തരവ് പോലീസിന് ലഭ്യമായില്ല എന്ന കാരണം പറഞ്ഞ് ഒരു ദിവസം രാത്രിയെങ്കിലും തടങ്കലിൽ വെക്കാൻ പോലീസിന് സാധിച്ചിരിക്കുകയാണ്. ഈ അറസ്റ്റും ജയിൽവാസവും ആരുടെ തിരക്കഥയാണെന്നും രാഷ്ട്രീയ ലക്ഷ്യം എന്താണെന്നും വരുംദിവസങ്ങളിലേ വ്യക്തമാകുകയുള്ളൂ.
അതേസമയം, അല്ലുവിന്റെ ‘പുഷ്പ 2: ദ റൂൾ’ ബോക്‌സോഫീസിൽ ഹിറ്റിൽ നിന്ന് ഹിറ്റിലേക്ക് കുതിക്കുകയാണ്. റിലീസിന് ശേഷമുള്ള ആദ്യ ദിവസങ്ങളിൽ തന്നെ ചിത്രം 1000 കോടി രൂപയിലധികം കളക്ഷനിലേക്ക് കുതിക്കുകയാണ്. ഇന്ത്യയിൽ മാത്രം 750 കോടി രൂപയിലധികം വരുമാനം ഈ ചിത്രം നേടിയിട്ടുണ്ട്. ഇൻഡസ്ട്രി ട്രാക്കറായ സാക്‌നിൽക് പുറത്തുവിട്ട ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത് റിലീസ് ചെയ്ത് ഒമ്പതാം ദിവസം ചിത്രം 23.62 കോടി രൂപ വരുമാനം നേടിയിട്ടുണ്ട് എന്നാണ്. വരുമാനത്തിന്റെ ഭൂരിഭാഗവും വൈകുന്നേരങ്ങളിലെ ഷോകളിലൂടെയാണ് ലഭിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഏകദേശം 30 കോടി രൂപ വരുമാനം നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സിനിമയ്ക്ക് ഓപ്പണിംഗ് വീക്ക് റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് രണ്ടാം ആഴ്ചയിലേക്ക് പ്രവേശിക്കുന്നതോടെ ‘പുഷ്പ 2’ ന്റെ വരുമാനം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.