ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ എന്ന അപൂര്‍വനേട്ടം കൈയിലൊതുക്കിയതിൻ്റെ ആവേശത്തിലാണ് ഇന്ത്യയുടെ ഡി.ഗുകേഷ്. സിംഗപ്പൂരില്‍ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ് ഫൈനലില്‍ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ കീഴടക്കിയാണ് പതിനെട്ടുകാരനായ ദൊമ്മരാജു ഗുകേഷ് ചരിത്രം കുറിച്ചത്.
ടൈബ്രേക്കറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഫൈനലിലെ അവസാന ഗെയിമിനൊടുവില്‍ ലിറന്‍ വരുത്തിയ നിര്‍ണായക പിഴവാണ് ഇന്ത്യയ്ക്ക് രണ്ടാമത്തെ ലോകചാമ്പ്യനെ സമ്മാനിച്ചത്. ലോകകിരീടം ഉറപ്പിച്ചെന്ന് തിരിച്ചറിഞ്ഞ നിമിഷം മുഖം കൈകളിലമര്‍ത്തി ഗുകേഷ് വിതുമ്പി. ആനന്ദക്കണ്ണീര്‍!
ഫൈനല്‍ കണ്ടുകൊണ്ട് വ്യൂവിങ് റൂമുകളില്‍ ഇരുന്നവര്‍ ഇരമ്പിയാര്‍ത്തു. മല്‍സരം കാണാന്‍ ഇന്ത്യയില്‍ നിന്നെത്തിയവരും സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജരുമെല്ലാം ഗുകേഷിനെ ആശംസകള്‍ കൊണ്ട് പൊതിഞ്ഞു. പതിനാലാം ഗെയിമിലെ വിജയത്തോടെ ഗുകേഷിന് ഫൈനലില്‍ 7.5 പോയന്‍റും ലിറന് 6.5 പോയന്‍റുമായി.
അഞ്ചുതവണ ലോകചാമ്പ്യനായ വിശ്വനാഥ് ആനന്ദിന് ശേഷം ഇന്ത്യയ്ക്ക് വീണ്ടുമൊരു ലോകകിരീടം. അതും വെറും പതിനെട്ടാം വയസില്‍. ഇരുപത്തിരണ്ടാം വയസില്‍ ലോകകിരീടം നേടിയ റഷ്യയുടെ ഗാരി കാസ്പറോവിന്‍റെ പേരിലുള്ള റെക്കോര്‍ഡും ഗുകേഷ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. ഏറ്റവും ചെറിയ പ്രായത്തില്‍ ലോകജേതാവാകുക എന്ന നേട്ടം.
ലോകകിരീടം ഗുകേഷിന്‍റെ പോക്കറ്റും നിറച്ചു. ആകെ 25 ലക്ഷം ഡോളറാണ് ലോക ചെസ് ചാംപ്യന്‍ഷിപ് ഫൈനലിലെ സമ്മാനത്തുക. ഓരോ ക്ലാസ്സിക്കല്‍ ഗെയിം വിജയത്തിനും രണ്ടുലക്ഷം ഡോളര്‍ (1.69 കോടി രൂപ) വീതം ലഭിക്കും. മൂന്ന് ഗെയിമുകള്‍ വിജയിച്ച ഗുകേഷിന് കിട്ടിയത് 6 ലക്ഷം ഡോളര്‍ (5.07 കോടി രൂപ). രണ്ട് ഗെയിമുകള്‍ വിജയിച്ച ലിറന് 4 ലക്ഷം ഡോളറും ലഭിച്ചു. ശേഷിച്ച 15 ലക്ഷം ഡോളര്‍ ഇരുവര്‍ക്കും പകുത്തുനല്‍കി. ഇതുകൂടി ചേര്‍ന്നപ്പോള്‍ ഗുകേഷിന് ആകെ ലഭിച്ചത് 13.5 ലക്ഷം ഡോളര്‍. അതായത് 11.45 കോടി രൂപ! ലിറന് 11.5 ലക്ഷം ഡോളറും (9.75 കോടി രൂപ) സമ്മാനം ലഭിച്ചു.