ആദ്യ കളിയിൽ തോറ്റ ഗുകേഷിനെ ശാന്തനാക്കിയത് സാക്ഷാൽ വിശ്വനാഥ് ആനന്ദ്. ഉദ്ഘാടന മൽസരത്തിൽ ലിറണിനോട് തോറ്റ തന്നെ ശാന്തനാക്കിയത് ആനന്ദാണെന്ന് ഗുകേഷ് വെളിപ്പെടുത്തി.
ആദ്യ കളി തോറ്റു മടങ്ങുമ്പോൾ ലിഫ്റ്റിൽ വച്ച് ആനന്ദിനെ യാദൃച്ഛികമായി കണ്ടു. “എനിക്ക് 11 ഗെയിമുകൾ മാത്രമേ ബാക്കിയുള്ളു. നിങ്ങൾക്ക് 13 എണ്ണം കൂടിയുണ്ട്. നിങ്ങൾക്ക് അവസരങ്ങൾ ലഭിക്കുമെന്ന് പറഞ്ഞ് ആനന്ദ് ഗുകേഷിന് ആത്മവിശ്വാസം നൽകി. 2006 ൽ ആനന്ദ് ലോക ചെസ് ചാമ്പ്യൻ ഷിപ്പ് നേടുമ്പോൾ ആദ്യ കളി പരാജയപ്പെട്ടിരുന്നു.
വെസെലിൻ ടോപലോവിനെ തോൽപിച്ചാണ് ആനന്ദ് അന്ന് കിരിടം നേടിയത്. അഞ്ച് തവണ ലോക ചാമ്പ്യൻ ഷിപ്പ് നേടിയ ആനന്ദിൻ്റെ വാക്കുകൾ ഗുകേഷിന് ആത്മവിശ്വാസം നൽകി. പിന്നിട് നടന്നത് ചരിത്രം. ഗുകേഷിലെ ചെസ് കളിക്കാരനെ മിനുക്കിയെടുത്തത് ആനന്ദിൻ്റെ ചെന്നെയിലെ ചെസ് അക്കാദമി ആയിരുന്നു.
“വിശി സാർ ഒരിക്കലും ഔദ്യോഗികമായി ടീമിൻ്റെ ഭാഗമായിരുന്നില്ല, പക്ഷേ അദ്ദേഹം എന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന് ഞങ്ങൾക്കെല്ലാം അറിയാം. പരിശീലന ക്യാമ്പുകളിൽ ഒന്നിൽ അദ്ദേഹം പങ്കെടുത്തിരുന്നു, മാത്രമല്ല കുറച്ച് സെഷനുകളിൽ വിദൂരമായി സഹായിക്കുകയും ചെയ്തു ” – ഗുകേഷ് പറഞ്ഞു.