
കേരളത്തിൽ റോഡപകടങ്ങൾ കൂടുന്നു! ഞെട്ടിക്കുന്ന കണക്കുകൾ
ഈ വർഷം ഒക്ടോബർ വരെ 40821 റോഡപകടങ്ങൾ; മരണപ്പെട്ടത് 3168 പേർ
പാലക്കാട് പനയംപാടത്ത് പരീക്ഷ കഴിഞ്ഞ മടങ്ങിയ സ്‌കൂൾ വിദ്യാർത്ഥിനികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികൾ മരിച്ച സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. അശാസ്ത്രീയ റോഡ് നിർമ്മാണം കാരണം ചാറ്റൽ മഴയത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി അപകടത്തിൽപെട്ട് കുട്ടികളുടെ മേൽ പതിക്കുകയായിരുന്നു.
നാലുപേരും തൽക്ഷണം മരണപ്പെട്ടു. ഇതിന്റെ വേദന നാടാകെ അനുഭവിക്കുമ്പോൾ കേരളത്തിലെമ്പാടും അപകടങ്ങൾ കൂടുന്നുവെന്ന ഞെട്ടിക്കുന്ന കണക്കാണ് കേരള പോലീസും പുറത്തുവിടുന്നത്. ഈ വർഷം ഒക്ടോബർ വരെ മാത്രം 3168 പേരാണ് റോഡപകടങ്ങളിൽ മരണപ്പെട്ടിരിക്കുന്നത്. 2023 ൽ 4080 ജീവനുകളാണ് കേരളത്തിന്റെ റോഡുകളിൽ പൊലിഞ്ഞത്.
പോലിസ് ക്രൈം റെക്കോർഡ്സ് പ്രകാരം ഈ വർഷം ഒക്ടോബർ വരെ 40821 റോഡപകടങ്ങൾ സംസ്ഥാനത്ത് ഉണ്ടായി. റോഡപകടങ്ങളിൽ 3168 പേർ മരണമടയുകയും 45657 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2016 ൽ 39420 റോഡപകടങ്ങൾ ഉണ്ടായപ്പോൾ 2024 ഒക്ടോബർ വരെയുള്ള പത്ത് മാസത്തിനിടയിൽ 40821 അപകടങ്ങളാണ് ഉണ്ടായത്.
കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ അതായത് 2016 മുതൽ 2024 ഒക്ടോബർ വരെ 3,53,177 റോഡപകടങ്ങൾ ഉണ്ടായി. 35134 പേർ മരിച്ചു. 3,98,290 പേർക്ക് പരിക്ക് പറ്റി. സംസ്ഥാനത്തെ റോഡുകൾ മരണക്കിണറുകളാകുന്നു എന്ന് കണക്കുകൾ നിന്ന് വ്യക്തം.

നിരന്തരം ഉണ്ടാകുന്ന വാഹന അപകടങ്ങളും മരണങ്ങളുടേയും നിരക്ക് അനുദിനം വർധിച്ച് വരുന്ന കേരളത്തിൽ യഥാർഥ വില്ലൻ അശ്രദ്ധമായ ഡ്രൈവിങ്ങ് മാത്രമല്ല മറിച്ച് ആശാസ്ത്രീയമായ എൻജിനീയറിങ്ങും ഡിസൈനും, സുരക്ഷാ മുന്നറിയിപ്പുകളുടെയും, ബാരിയറുകളുടെയും അപര്യാപ്തതയുമാണ്.

നമ്മുടെ റോഡുകളിൽ പാലങ്ങളോടു ചേർന്നുള്ള അപ്രോച്ച് റോഡിൻ്റെ അലൈൻമെൻ്റിലെ ഏറ്റക്കുറവ് ഒരു പ്രധാന വില്ലനാണ് സ്പീഡിൽ വരുന്ന വാഹനം ഈ എഞ്ചിനീയറിങ് അപര്യാപ്തത മൂലം ഉള്ള കിടങ്ങിൽ ചാടിയുള്ള അപകടം പതിവാണ്. അത് കൂടാതെ വളവുകളിൽ വേഗത കുറക്കണമെന്ന ദിശാ ബോർഡുകൾ ബാറിയറുകൾ എന്നിവ സ്ഥാപിക്കാത്തതും അപകടം വർദ്ധിപ്പിക്കുന്നു.
പൊതുമരാമത്ത് വകുപ്പും മോട്ടോർ വാഹന വകുപ്പും സംയുക്തമായി കേരളത്തിലെ നിരത്തുകളിൽ റോഡ് സുരക്ഷാ ഓഡിറ്റ് നടത്തി അപാകതകൾ പരിഹരിക്കാത്തതും റോഡപകടങ്ങൾ വർദ്ധിക്കുന്നതിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്.