News

കണ്ണീർക്കടലായി കരിമ്പനയ്ക്കൽ; നാലുപേർക്കും കണ്ണീരോടെ വിട നൽകി നാട്‌

പാലക്കാട് പനയമ്പാടത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ സിമന്റ് ലോറിക്കടിയിൽപെട്ട് മരിച്ച നാലു വിദ്യാർഥികളുടെയും മൃതദേഹം പൊതുദർശനത്തിനുവെച്ചു. കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ചെറുള്ളി പള്ളിപ്പുറം അബ്ദുൽ സലാമിന്റെയും ഫാരിസയുടെയും മകൾ പി.എ.ഇർഫാന ഷെറിൻ (13), പെട്ടേത്തൊടി അബ്ദുൽ റഫീഖിന്റെയും ജസീനയുടെയും മകൾ റിദ ഫാത്തിമ (13), കവുളേങ്ങിൽ സലീമിന്റെയും നബീസയുടെയും മകൾ നിദ ഫാത്തിമ (13), അത്തിക്കൽ ഷറഫുദ്ദീന്റെയും സജ്‌നയുടെയും മകൾ എ.എസ്.ആയിഷ (13) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അരക്കിലോമീറ്ററിനുള്ളിലാണ് മരിച്ച 4 പേരുടെയും വീടുകൾ. ഇവരുടെ സഹപാഠി അജ്‌ന ഷെറിൻ സമീപത്തെ ചെറിയ താഴ്ചയിലേക്കു തെറിച്ചുവീണതിനാൽ പരുക്കില്ലാതെ രക്ഷപ്പെട്ടു.

രാവിലെ 8.30ന് വിദ്യാർഥിനികളുടെ മൃതദേഹം തുപ്പനാട് കരിമ്പനക്കൽ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചു. സഹപാഠികളും സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് 10.30ന് ഖബറടക്കം തുപ്പനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

റിദ ഫാത്തിമ, നിദ ഫാത്തിമ, എ.എസ്.ആയിഷ, പി.എ.ഇർഫാന ഷെറിൻ

സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ലോറി ഡ്രൈവറും മലപ്പുറം സ്വദേശിയുമായ പ്രജീഷ് ജോണിനെയാണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രജീഷ് ഓടിച്ച ലോറി ഇടിച്ചാണ് സിമൻറ് ലോറി വിദ്യാർഥികളുടെ മുകളിലേക്ക് പതിച്ചത്. അപകടത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും അറിയിച്ചു.

പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് പനയമ്പാടത്ത് വ്യാഴാഴ്ച വൈകുന്നേരം 3.45നായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ട് നാല് സ്‌കൂൾ വിദ്യാർഥിനികളാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു എട്ടാം ക്ലാസ് വിദ്യാർഥിനികളായ നാല് പേരും.

പാലക്കാട് നിന്നും മണ്ണാർക്കാട്ടേക്ക് സിമൻറ് കയറ്റി പോകുന്ന ചരക്ക് ലോറിയാണ് മുന്നിൽ പോകുകയായിരുന്ന മറ്റൊരു ലോറിയിലിടിച്ച ശേഷം റോഡരികിലൂടെ നീങ്ങി മരത്തിലിടിച്ച് മറിഞ്ഞത്. വാഹനങ്ങൾക്കടിയിൽപ്പെട്ടാണ് കുട്ടികളുടെ മരണം. ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്. അപകടസമയത്ത് ചാറ്റൽ മഴ ഉണ്ടായിരുന്നു. പരിക്കേറ്റ ഡ്രൈവർ കാസർകോട് സ്വദേശി വർഗീസ് (52), ക്ലീനർ മഹേന്ദ്ര പ്രസാദ് (28) എന്നിവർ മണ്ണാർക്കാട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.

പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ഒട്ടേറെ അപകടമരണങ്ങൾ നടന്ന കരിമ്പ പനയംപാടം വളവിലായിരുന്നു അപകടം. പാലക്കാട്ടുനിന്നു മണ്ണാർക്കാട് ഭാഗത്തേക്കു സിമന്റ് കയറ്റിപ്പോയ ലോറി എതിർദിശയിൽ വന്ന ലോറിയുടെ പിൻഭാഗത്ത് ഇടിച്ച് ഇടതുവശത്തേക്കു പാഞ്ഞു കയറി വിദ്യാർഥിനികളുടെ ദേഹത്തേക്കു മറിയുകയായിരുന്നു. അപകടം നടന്നയുടൻ സിമന്റ്‌പൊടി പറന്നതിനാൽ കുറച്ചു നേരത്തേക്ക് ഒന്നും വ്യക്തമായില്ല. പിന്നീടു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സിമന്റ് ലോഡ് മാറ്റി ലോറി ഉയർത്തിയ ശേഷമാണ് അടിയിൽ കുടുങ്ങിയ വിദ്യാർഥിനികളെ പുറത്തെടുക്കാനായത്. തുടർന്ന് ക്രെയിൻ ഉപയോഗിച്ചു ലോറി മാറ്റി കൂടുതൽ പേർ അടിയിൽ ഇല്ലെന്ന് ഉറപ്പാക്കി.

Leave a Reply

Your email address will not be published. Required fields are marked *