ന്യൂഡൽഹി: പ്രമുഖ ബേബി ഫുഡ് നിർമാതാക്കളായ നെസ്ലെ (Nestle) ഇന്ത്യയിൽ വിൽക്കുന്ന സെർലാക് (Cerelac) അടക്കമുള്ളവയിൽ ഉയർന്ന അളവിൽ പഞ്ചസാര ചേർക്കുന്നതായ മാധ്യമ വാർത്തകള്‍ തള്ളി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് ലോക്‌സഭയിൽ ഡിഎംകെ എം.പി കനിമൊഴി കരുണാനിധി ഉന്നയിച്ച ചോദ്യത്തിനാണ് ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയുടെ മറുപടി.
നെസ്ലെയുടെ സെർലാക് ബേബി ഫുഡിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് 2020ലെ ഭക്ഷ്യ സുരക്ഷാ നിയമത്തിലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണെന്നാണ് മന്ത്രി ലോക്‌സഭയിൽ അറിയിച്ചു.
2020ലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങളിലാണ് ശിശുപോഷണം ഭക്ഷണങ്ങളുടെ മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ശിശു ഭക്ഷണ ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയ്ക്കുള്ള പരിധി ഭക്ഷ്യ സുരക്ഷാ നിയമങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്നത് ലോകാരോഗ്യ സംഘടനയുടെ (WHO) ശുപാർശകൾ കണക്കിലെടുത്താണ്. ഇത് ഭക്ഷ്യ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന കോഡക്‌സ് അലിമെന്റേറിയസ് കമ്മീഷന്റെ ലോക നിലവാരത്തിന് തുല്യമാണ്.
സ്വിസ് എൻജിഒയുടെ പഠന റിപ്പോർട്ടുകളെക്കുറിച്ച് മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഗോതമ്പ് അടിസ്ഥാനമാക്കിയുള്ള ശിശു ഭക്ഷണ ഉൽപ്പന്നങ്ങളിൽ അധികമായി പഞ്ചസാര ചേർത്തിരിക്കുന്നത് സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സ്വമേധയാ കേസെടുത്തിരുന്നു.
2024 ഏപ്രിൽ 29, 30 തീയതികളിൽ രാജ്യത്തെ നിർമ്മാണ സ്ഥലങ്ങളിൽ പരിശോധനകൾ നടത്തി. ഈ പരിശോധനയിൽ നെസ്ലെയുടെ സെർലാക് പോലുള്ള ബേബി ഫുഡുകളിൽ അടങ്ങിയിരിക്കുന്ന അധിക പഞ്ചസാരയുടെ അളവ് 2020-ലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങളിലെ ശിശുപോഷണം ഭക്ഷണങ്ങളുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമാണെന്ന് കണ്ടെത്തിയെന്നാണ് ജെപി നഡ്ഡ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയടക്കമുള്ള താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ് കുഞ്ഞുങ്ങളുടെ ഭക്ഷ്യ ഉത്പന്നങ്ങളിൽ നെസ്ലെ ഉയർന്ന അളവിൽ പഞ്ചസാര ചേർത്ത് വിപണനം ചെയ്യുന്നുവെന്നായിരുന്നു മാധ്യമ വാർത്തകൾ. യു.കെ, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പഞ്ചസാര ഇല്ലാതെയാണ് ഇത്തരം ഭക്ഷണ ഉത്പന്നങ്ങൾ നെസ്ലെ വിറ്റഴിക്കുന്നതെന്നും സ്വിസ് അന്വേഷണ ഏജൻസിയായ പബ്ലിക് ഐയുടെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
2022ൽ ഇന്ത്യയിൽ 20,000 കോടി രൂപയുടേതാണ് നെസ്ലെയുടെ സെർലാക് ഉത്പന്നങ്ങളുടെ വിൽപന. കുഞ്ഞിന് ഒരുതവണ നൽകുന്ന ഭക്ഷണത്തിൽ ശരാശരി മൂന്ന് ഗ്രാം പഞ്ചസാര ചേർക്കുന്നതായാണ് കണക്ക്. ദക്ഷിണാഫ്രിക്കയിൽ നടത്തിയ പഠനത്തിലും സമാനമായ തോതിലാണ് പഞ്ചസാരയുടെ അളവ്. ദക്ഷിണാഫ്രിക്കയിൽ സെർലാക് ഉത്പന്നത്തിൽ നാല് ഗ്രാമും അതിലധികവും പഞ്ചസാരയാണ് കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകത്തെ രണ്ടാമത്തെ വലിയ മാർക്കറ്റായ ബ്രസീലിലും ഇന്ത്യയിലേതിന് സമാനമായി സെർലാക് ഉത്പന്നങ്ങളിൽ മൂന്ന് ഗ്രാം പഞ്ചസാര ചേർത്തിട്ടുണ്ട്. അതേസമയം, ഫിലിപ്പീൻസിൽ വിൽക്കുന്ന കുഞ്ഞുങ്ങൾക്കായുള്ള നെസ്ലയുടെ ഉത്പന്നങ്ങളിൽ പഞ്ചസാര കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.