News

കുസാറ്റ് യൂണിയൻ പിടിച്ച് കെഎസ്‍യു; 30 വർഷത്തിനു ശേഷം എസ്എഫ്ഐക്ക് തിരിച്ചടി

കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) തെരഞ്ഞെടുപ്പിൽ യൂണിയൻ പിടിച്ച് കെഎസ്‍യു. 31 വ‍ർഷത്തിന് ശേഷമാണ് കെഎസ്‍യു ഇവിടെ യൂണിയൻ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കുന്നത്. ചെയർമാനായി കുര്യൻ ബിജു തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ രണ്ട് സീറ്റിൽ മാത്രമായിരുന്നു കെഎസ്‍യുവിൻ്റെ വിജയം.

ഇത്തവണ എംഎസ്എഫിനെ ഒഴിവാക്കി ഒറ്റക്കാണ് കെഎസ്‍യു മത്സരിച്ചത്. 15 ല്‍ 13 സീറ്റും എസ്എഫ്‌ഐയില്‍ നിന്നും പിടിച്ചെടുത്ത് ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. എസ്എഫ്ഐയിലെ തര്‍ക്കങ്ങളും, നിലവിലെ യൂണിയനോടുള്ള കടുത്ത അതൃപ്തിയുമാണ് മൂന്ന് പതിറ്റാണ്ട് കൈവെള്ളയില്‍ കൊണ്ട് നടന്ന യൂണിയന്‍ ഭരണം എസ്എഫ്‌ഐയ്ക്ക് നഷ്ടപ്പെടുത്തിയത്.

കുസാറ്റിൽ ഒറ്റയ്ക്കാണ് കെഎസ്‌യു ഇത്തവണ മത്സരിച്ചത്. ചെയർമാൻ സ്ഥാനമടക്കം 13 പോസ്റ്റുകളിലാണ് വിജയം. ഒരുപാട് കാലത്തെ കഷ്ടപ്പാടിനൊടുവിലാണ് ഈ വിജയമെന്നും ഇതൊരു ചരിത്രനിമിഷമാണെന്നും ചെയർമാൻ കുര്യൻ ബിജു മീഡിയവണിനോട് പറഞ്ഞു.

നിരവധി വിദ്യാർഥികൾ അനുഭവിച്ച വേദനയ്ക്ക് കൈയും കണക്കുമില്ല. എസ്എഫ്ഐ അക്രമത്തെ തുടർന്ന് നിരവധി വിദ്യാർഥികൾ ഇന്ന് ഈ ക്യാംപസിൽ ഇല്ലെന്നും കഴിഞ്ഞ 31 കൊല്ലം വിദ്യാർഥി വിരുദ്ധമായ യൂണിയനാണ് കുസാറ്റിലുണ്ടായിരുന്നതെന്നും ചെയർമാൻ പറഞ്ഞു. ഇതൊരു ചരിത്രദിവസമാണ്. കുസാറ്റിന് ഇനിയൊരു കെട്ടകാലമില്ല- കുര്യൻ ബിജു കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷങ്ങളിൽ വെറും ഒന്നോ രണ്ടോ വോട്ടിനാണ് കെഎസ്‍യുവിന്റെ കൈയിൽനിന്നും യൂണിയൻ പോയതെന്നും എന്നിട്ടും ഏകാധിപത്യ ഭരണം തുടരുകയാണ് എസ്എഫ്‌ഐ ചെയ്തിരുന്നതെന്ന് നേതാക്കൾ അറിയിച്ചു. ഒരു വേർതിരിവുമില്ലാത്ത വിദ്യാർഥി സൗഹൃദ യൂണിയനായിരിക്കും തങ്ങളുടേതെന്നും നേതാക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *