തദ്ദേശ തെരഞ്ഞെടുപ്പിന് പുതിയ മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾ വാങ്ങുന്നു. വോട്ടിംഗ് മെഷിൻ വാങ്ങാൻ 20 കോടി കെ.എൻ. ബാലഗോപാൽ അനുവദിച്ചു. ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തി ഈ മാസം 11 നാണ് 20 കോടി അനുവദിച്ചത്.
വോട്ടിംഗ് മെഷിൻ വാങ്ങാൻ പണം ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സെപ്റ്റംബർ 20 ന് സർക്കാരിന് കത്ത് നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പണം അനുവദിക്കുന്നതിൽ കാലതാമസം ഉണ്ടായി. ഒടുക്കം പണം ആവശ്യപ്പെട്ട് നാലാം മാസം 20 കോടി അനുവദിച്ചു. 2025 ഒക്ടോബറിലാണ് തദ്ദേശ തെരഞ്ഞെടുപ്പ്..
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാർട്ടികളും ആരംഭിച്ചിട്ടുണ്ട്. ബിജെപി ജില്ലാ കമ്മിറ്റികളെ കൂടുതൽ വാർഡ് കേന്ദ്രീകൃതമായി വിഭജിച്ച് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ വിജയപ്രതീക്ഷയിലാണ് ബിജെപി. പാലക്കാട് ശക്തികേന്ദ്രമാണെങ്കിലും പാർട്ടിയിലെ അസ്വാരസ്യങ്ങൾ തീർക്കാനുള്ള ശ്രമം എത്രകണ്ട് വിജയിക്കുമെന്നാണ് നേതാക്കളുടെ ആശങ്ക.
പാർട്ടി സമ്മേളനങ്ങൾ കഴിയുന്ന മുറയ്ക്ക് സിപിഎമ്മും തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കും. കോൺഗ്രസ് പാർട്ടിയും മുതിർന്ന നേതാക്കളെ ജില്ലകൾ തിരിച്ച് ചുമതലകൾ ഏൽപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ശുഭപ്രതീക്ഷയിലാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടി. 2021 ന് ശേഷമുള്ള ഉപതെരഞ്ഞെടുപ്പുകളിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച്ചവെയ്ക്കാൻ സാധിച്ചുവെന്നത് സംഘടനാപരമായി നേതാക്കൾക്ക് ആത്മവിശ്വാസം നൽകുന്നതാണ്. സംസ്ഥാനത്താകെ നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരം കോൺഗ്രസിലേക്ക് വോട്ടായി എത്തിക്കാനുള്ള ശ്രമങ്ങളാണ് നേതാക്കൾ ആരംഭിച്ചിരിക്കുന്നത്.
സാധാരണ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പൊതുവേ മേൽക്കൈ പ്രകടിപ്പിക്കാറുള്ള സിപിഎമ്മിന് ശക്തമായ വെല്ലുവിളി ഉയർത്താൻ നിലവിൽ കോൺഗ്രസിന് സാധിക്കുന്നുണ്ടെന്നാണ് ഫലങ്ങൾ തെളിയിക്കുന്നത്. ഈമാസം 10ന്
നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മിന്നുന്ന ജയമാണ് യു.ഡി.എഫ് നേടിയത്. 17 സീറ്റിലാണ് യു.ഡി.എഫ് ജയിച്ചത്. 13 സീറ്റാണ് നേരത്തെ യു.ഡി.എഫിന് ഉണ്ടായിരുന്നത്. 15 സീറ്റുണ്ടായിരുന്ന എൽ.ഡിഎഫിന് വിജയിക്കാൻ കഴിഞ്ഞത് 11 എണ്ണത്തിൽ മാത്രം. 3 സീറ്റ് ഉണ്ടായിരുന്ന ബി.ജെ.പി ഇത്തവണയും 3 സീറ്റിൽ വിജയിച്ചു.
സംസ്ഥാനത്ത് അതിശക്തമായ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. 2016 ലും 2021 ലും തകർന്നടിഞ്ഞ യു.ഡി.എഫിനെ സതീശ-സുധാകര സഖ്യം ഉയിർത്തെഴുന്നേൽപ്പിക്കുന്ന കാഴ്ചക്കാണ് രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചത്. 2021 നു ശേഷം നടന്ന എല്ലാം തദ്ദേശ ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് മിന്നും വിജയം നേടി. നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് എന്നിവിടങ്ങളിൽ റെക്കോഡ് വിജയമാണ് യു.ഡി.എഫ് നേടിയത്.