
തോമസ് ഐസക്കിനെ ഉപദേശകനായി നിയമിച്ചു; കാബിനറ്റ് റാങ്ക് നൽകിയേക്കും
ഭരണത്തുടർച്ച സംഭവിച്ചിട്ടും തൊഴിൽ രഹിതരായ മുതിർന്ന നേതാക്കൾക്ക് സർക്കാർ ചെലവിൽ ഇരിപ്പിടം ഒരുക്കാൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഡോ.ടി.എം. തോമസ് ഐസക്കിനെ വിജ്ഞാനം കേരളം പദ്ധതിയുടെ ഉപദേശകനായി നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിൽ നിന്നിറങ്ങി.
നൈപുണി വികസനവും (സ്കില്ലിംഗ്) അതിൻ്റെ അടിസ്ഥാനത്തിൽ തൊഴിലുകൾ കണ്ടെത്തുന്നതിനുമുള്ള പരിപാടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നതിനായി ക്യാംപെയ്ൻ മോഡിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് വിജ്ഞാന കേരളം പദ്ധതി.
മുൻ ധനകാര്യ മന്ത്രിയായ ഐസക്കിന് കാബിനറ്റ് റാങ്ക് നൽകിയേക്കും എന്നാണ് ലഭിക്കുന്ന സൂചന. ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന ഐസക്കിനെ 2021 ൽ മൽസരിക്കാൻ സീറ്റ് പോലും നൽകിയിരുന്നില്ല. എന്നാൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്ന് മത്സരിപ്പിച്ചെങ്കിലും തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.

ഇതിനിടയിൽ സ്വപ്ന സുരേഷ് ഉയർത്തിയ മൂന്നാർ വിവാദത്തിലും ഐസക്ക് പെട്ടു. രാജ്യസഭയിൽ നോട്ടം ഉണ്ടായിരുന്ന ഐസക്കിനെ വെട്ടിയാണ് മുഹമ്മദ് റിയാസിന്റെ ശുപാർശയിൽ ഡിവൈഎഫ്‌ഐ ദേശീയ നേതാവ് എ.എ. റഹീം രാജ്യസഭയിലേക്ക് എത്തിയത്.
ആലപ്പുഴയിൽ ജി. സുധാകരൻ ഉയർത്തുന്ന വിമർശനങ്ങളിൽ കല്ലുകടിക്കുന്ന അവസ്ഥയിലാണ് സിപിഎം. അതിനിടയിൽ ഐസക്കിനെ കൂടെ വെറുതെയിരുത്തി ഓരോന്ന് ചിന്തിച്ച് കൂട്ടാനുള്ള അവസരം ഉണ്ടാക്കേണ്ടതില്ലെന്നാണ് ഉപദേശകനായി ഇപ്പോൾ നിയമിച്ചിരിക്കുന്നത്. ഭരണം തീരാൻ 16 മാസം മാത്രം ഉള്ളപ്പോൾ ഉപദേശക പോസ്റ്റിൽ ഇരുന്ന് വിജ്ഞാന കേരളം പദ്ധതിയെ എത്രമേൽ വിജയിപ്പിക്കാൻ സാധിക്കുമെന്ന് വരുംദിവസങ്ങളിൽ കണ്ടറിയാം. ഇനി കമ്മ്യൂണിസ്റ്റ് ദേശീയ നേതാവ് എ.കെ. ബാലന് പറ്റിയ ഉപദേശക കസേര തേടുകയാണ് സിപിഎം മന്ത്രിമാർ. ഉടനെ തന്നെ കണ്ടെത്തുമെന്നാണ് അറിയുന്നത്.