സംവിധായകൻ പി.ബാലചന്ദ്രകുമാർ അന്തരിച്ചു. വൃക്ക – ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5:40നായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. 2013ല്‍ ആസിഫലിയെ നായകനാക്കി കൗബോയ് എന്ന ചിത്രം സംവിധാനം ചെയ്ത ബാലചന്ദ്രകുമാറിനെ ദിലീപിനെ നായകനാക്കി പിക് പോക്കറ്റ് എന്നൊരു ചിത്രം പ്രഖ്യാപിച്ചെങ്കിലും പ്രോജക്ട് നടന്നില്ല.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് നടൻ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.
ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം കോടതിയിൽ നടക്കുകയാണ്.
ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേസില്‍ വലിയ വഴിത്തിരിവായിരുന്നു സൃഷ്ടിച്ചത്. തുടരന്വേഷണത്തിലേക്ക് കടന്നതും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു. ബാചലന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വധഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ കേസില്‍ ദിലീപിനെതിരെ ചുമത്തിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന നടന്നെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും വലിയ ചര്‍ച്ചയായിരുന്നു.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചതിനുപിന്നാലെ തന്നെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്താന്‍ എറണാകുളം സി.ജെ.എം. കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. ആറര മണിക്കൂര്‍ നീണ്ടുനിന്ന മൊഴി രേഖപ്പെടുത്തലില്‍ ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക് അറിയാമായിരുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈകിയതിന്റെ കാരണവും കോടതിയെ അറിയിച്ചതായും മൊഴി രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പിന്നീട് മാറ്റി പറയുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. എന്നാല്‍ മരണം വരെ തന്റെ നിലപാടില്‍ ഉറച്ചുനിന്നു അദ്ദേഹം.