ഹൈദരാബാദ്∙ നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. നടനെ ഹൈദരാബാദ് നാമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ശ്രീദേവിയാണ് ജാമ്യഹർജി പരിഗണിച്ചത്.
മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം നിലനിൽക്കുമോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. ബോധപൂർവം ദേഹോപദ്രവം ഏൽപ്പിക്കൽ എന്ന വകുപ്പും ചുമത്താനാകുമോയെന്നും കോടതി ചോദിച്ചു. പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിലാണ് നടനെയും അംഗരക്ഷകനെയും പോലീസ് അറസ്റ്റ് ചെയ്തത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ നല്‍കിയ ഹര്‍ജി തെലങ്കാന ഹൈക്കോടതി വെള്ളിയാഴ്ച വൈകിട്ട് പരിഗണിക്കും
നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട അല്ലു അർജുനിനെ ഹൈദരാബാദിലെ ചിക്കടപ്പള്ളി പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി കൊണ്ടുവന്നിരുന്നു. വീട്ടിൽ നിന്നും ഇന്ന് രാവിലെയാണ് അല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്ന വേഷത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട നടന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
വെള്ളിയാഴ്ചയാണ് അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം ചിക്ടപള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷും അച്ഛന്‍ അല്ലു അരവിന്ദും സ്റ്റേഷനിലെത്തിയിരുന്നു. നിര്‍മാതാവ് ദില്‍ രാജുവും സ്റ്റേഷനിലെത്തി. പോലീസ് സ്റ്റേഷനില്‍വെച്ച് നടന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിനുശേഷം ഗാന്ധി ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്.
തിയേറ്ററിലെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തില്‍ സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്. രണ്ട് ജീവനക്കാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെയാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് നടപടികള്‍ക്കിടെ ഏറെ വൈകാരികമായരംഗങ്ങളും അരങ്ങേറി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അറസ്റ്റിനായി പോലീസ് സംഘം വീട്ടിലെത്തിയസമയത്ത് അല്ലു അര്‍ജുന്‍ കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഭാര്യ അല്ലു സ്‌നേഹ റെഡ്ഡി, സഹോദരന്‍ അല്ലു സിരിഷ്, അച്ഛന്‍ അല്ലു അരവിന്ദ് എന്നിവരും സംഭവസമയം നടന്റെ കൂടെ വീട്ടിലുണ്ടായിരുന്നു. അല്ലു അര്‍ജുന്‍ കാപ്പി കുടിച്ചുതീരുന്നത് വരെ പോലീസ് സംഘം കാത്തുനിന്നു. ഇതിനുശേഷമാണ് നടനുമായി പോലീസ് സംഘം സ്റ്റേഷനിലേക്ക് പോയത്.
പോലീസ് സംഘത്തിനൊപ്പം പോകുന്നതിന് മുന്‍പ് ഭാര്യ സ്‌നേഹ റെഡ്ഡിക്ക് അല്ലു അര്‍ജുന്‍ ചുംബനം നല്‍കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കുടുംബാംഗങ്ങളോട് വിഷമിക്കേണ്ടകാര്യമില്ലെന്നും നടന്‍ പറഞ്ഞു. കാപ്പി കുടിച്ചതിന് പിന്നാലെ ഇനി പോകാം സര്‍ എന്നുപറഞ്ഞാണ് അല്ലു അര്‍ജുന്‍ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം നടന്നുനീങ്ങിയത്.