സതീശൻ – സുധാകര സംഖ്യത്തിന് മുന്നിൽ പിണറായിക്ക് വീണ്ടും തോൽവി. ഇന്നലെ നടന്ന 31 തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മിന്നുന്ന ജയമാണ് യു.ഡി.എഫ് നേടിയത്. 17 സീറ്റിലാണ് യു.ഡി.എഫ് ജയിച്ചത്. 13 സീറ്റാണ് നേരത്തെ യു.ഡി.എഫിന് ഉണ്ടായിരുന്നത്. 15 സീറ്റുണ്ടായിരുന്ന എൽ.ഡിഎഫിന് വിജയിക്കാൻ കഴിഞ്ഞത് 11 എണ്ണത്തിൽ മാത്രം. 3 സീറ്റ് ഉണ്ടായിരുന്ന ബി.ജെ.പി ഇത്തവണയും 3 സീറ്റിൽ വിജയിച്ചു.
സംസ്ഥാനത്ത് അതിശക്തമായ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. 2016 ലും 2021 ലും തകർന്നടിഞ്ഞ യു.ഡി.എഫിനെ സതീശ-സുധാകര സഖ്യം ഉയിർത്തെഴുന്നേൽപ്പിക്കുന്ന കാഴ്ചക്കാണ് രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചത്. 2021 നു ശേഷം നടന്ന എല്ലാം തദ്ദേശ ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് മിന്നും വിജയം നേടി. നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് എന്നിവിടങ്ങളിൽ റെക്കോഡ് വിജയമാണ് യു.ഡി.എഫ് നേടിയത്.
വയനാടിൽ പ്രീയങ്ക ഗാന്ധിയും റെക്കോഡ് വിജയം കൈവരിച്ചു. ചേലക്കരയിൽ നാലിലൊന്നായി ഭൂരിപക്ഷം കുറയ്ക്കാനും യു.ഡി. എഫിന് സാധിച്ചു. ലോകസഭയിൽ എൽ.ഡി.എഫിന് 1 സീറ്റിൽ വീണ്ടും ഒതുക്കി. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കുന്നതിൽ അഗ്രഗണ്യനായ വി.ഡി സതീശനും കരുത്തനായ സുധാകരനും ഒന്നിച്ചതോടെ പിണറായിക്കും സംഘത്തിനും തോൽവികൾ തുടർക്കഥയായി. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിലു 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാൻ സതീശനും സുധാകരനും ഉപതെരഞ്ഞെടുപ്പ് ഫലം കരുത്ത് പകരും.
അതേസമയം, സമീപകാല ഉപതിരഞ്ഞെടുപ്പുകളിലെ വിജയക്കുതിപ്പ് യുഡിഎഫിന് നിലനിർത്തനായെന്ന് പ്രതിപക്ഷ നേതാവ് ഇക്കാര്യത്തോട് പ്രതികരിച്ചു.. പാലക്കാട് തച്ചൻപാറ, തൃശ്ശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിലെ എൽ.ഡി.എഫ് ഭരണം യു.ഡി.എഫ് അവസാനിപ്പിച്ചു. അതിശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലവും.
എൽ.ഡി.എഫിൽ നിന്ന് 9 സീറ്റുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 15 സീറ്റിൽ നിന്ന് 11 ലേക്ക് എൽ.ഡി.എഫ് കൂപ്പുകുത്തിയെന്നും വി.ഡി. സതീശൻ പറഞ്ഞു.
മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷൻ കഴിഞ്ഞ തവണത്തേതിന്റെ നാലിരട്ടി ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് നിലനിർത്തിയത്. മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം വാർഡ് 35 വർഷത്തിനു ശേഷം യു.ഡി.എഫ് പിടിച്ചെടുത്തു. കൊല്ലം ചടയമംഗലം പൂങ്കോട് വാർഡ് രണ്ടു പതിറ്റാണ്ടിനു ശേഷം യു.ഡി.എഫ് തിരിച്ചു പിടിച്ചു. പത്തനംതിട്ട ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിൽ മൂന്നിടത്തും യു.ഡി.എഫ് വിജയിച്ചു.
കേരളത്തിൽ സർക്കാർ ഇല്ലായ്മയാണെന്ന പ്രതിപക്ഷ വാദത്തിന് അടിവരയിടുന്നതാണ് ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ വിജയം യു.ഡി.എഫിന് ഊർജ്ജം പകരും. അഴിമതിയും സ്വജപക്ഷപാതവും ജനവിരുദ്ധതയും നിറഞ്ഞ ഈ സർക്കാരിനെ ജനം തൂത്തെറിയും. ഇത് സാധാരണക്കാരായ പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ്മയുടെ വിജയമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.