Kerala Government News

പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതുവരെ സമരം; ഐഎഎസ് തമ്പ്രാക്കൻമാരെ നിലയ്ക്കുനിർത്തണം: ബിനോയ് വിശ്വം

തിരുവനന്തപുരം: സിവിൽ സർവീസിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിവിൽ സർവീസിൽ നിന്ന് എല്ലാവരെയും പുറത്താക്കാനുള്ള കരുക്കൾ നീക്കുന്നതിന്റെ ഒന്നാംഘട്ടമായാണ് പെൻഷൻ എടുത്തുകളയുന്നതെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സർക്കാരാണ് ഇപ്പോൾ കേരളത്തിൽ ഭരിക്കുന്നത്. പെൻഷൻ വിഷയത്തിൽ എൽഡിഎഫിന്റെ നയം പ്രാവർത്തികമാക്കപ്പെടണം. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾ ഓർമ്മപ്പെടുത്താനാണ് ഈ സമരമെന്നും ബിനോയ് വിശ്വം പറഞ്ഞു. അധ്യാപക-സർവീസ് സംഘടനാ സമരസമിതി സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച 36 മണിക്കൂർ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പൊതുസമൂഹത്തെ മലീമസമാക്കുന്ന പ്രവർത്തനങ്ങൾ നടത്താൻ ഒരാളെയും അനുവദിക്കാൻ പാടില്ലെന്ന് ബിനോയ് വിശ്വം. ഹിന്ദു-മുസ്ലിം-ക്രി സ്ത്യൻ എന്നിങ്ങനെ വിഭജിച്ച് സമരങ്ങളെ അടിച്ചമർത്താനാണ് അദാനിക്കു വേണ്ടി കേന്ദ്രത്തിലെ മോഡി സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ മല്ലു ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കാമെന്നും മുസ്ലിം ഗ്രൂപ്പുണ്ടാക്കാമെന്നും ചില ഐഎഎസ് തമ്പ്രാക്കൾക്ക് തോന്നുകയാണ്. ഇത്തരം ഭ്രാന്തുപിടിച്ചവരെ നിയന്ത്രിച്ചേ പറ്റൂ. തല വലുതായി വരികയും കൈയും കാലും ശോഷിച്ചുപോവുകയും ചെയ്യുന്നതുപോലെയാണ് ഐഎഎസ് തലപ്പത്തുള്ള സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.

ലെസ് ഗവൺമെന്റ്, മാക്സിമം ഗവേണൻസ് എന്നതാണ് മോഡിയുടെ മുദ്രാവാക്യം. സിവിൽ സർവീസും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒന്നും വേണ്ട എന്നതാണ് അവരുടെ നയം. സിവിൽ സർവീസിന്റെ ഏറ്റവും വലിയ ആകർഷണം പെൻഷൻ ആയിരുന്നു. സാമൂഹ്യസുരക്ഷ ആയിരുന്നു. അത് ഘട്ടംഘട്ടമായി നിർത്തലാക്കുകയാണ്.

അദാനിക്കുവേണ്ടി എന്തും ചെയ്യും മോദിയെന്നതാണ് സ്ഥിതി. മോഡിയുടെ ഏറ്റവും പ്രിയപ്പെട്ട അമേരിക്ക പോലും അദാനി കള്ളനാണെന്ന് പറഞ്ഞിട്ടും ഒരു അനക്കവും മോദിയുടെയും ബിജെപിയുടെയും ഭാഗത്തുനിന്നുണ്ടാകുന്നില്ല. ട്രംപും മോദിയും നെതന്യാഹുവും ഉൾപ്പെട്ട ‘ഈവിൾ ട്രയോ’ സംഘത്തിന് ഒരേ അഭിപ്രായമാണ്. എല്ലാം സ്വകാര്യ മേഖലയെഏൽപ്പിക്കുക എന്നതാണ് അവരുടെ മുദ്രാവാക്യം. ഈ നയങ്ങൾക്കെതിരെ എന്നും നിലപാട് സ്വീകരിച്ചിട്ടുള്ളത് ഇടതുപക്ഷമാണ്. ചെയർമാൻ ഒ കെ ജയകൃഷ്ണൻ അധ്യക്ഷനായിരുന്നു. ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗൽ സ്വാഗതം പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x